അതിരപ്പിളളി: കോരിച്ചൊരിയുന്ന മഴയിലും, മണ്ണിടിച്ചിലിലും പ്രകൃതിയില്‍ നില്‍പ്പ് ഉറയ്ക്കാതെ കടപുഴകി വീഴുകയാണ് വന്‍ മരങ്ങള്‍. അവ ഗതാഗതത്തിന് തടസം ഏറെയാണ് സൃഷ്ടിക്കുന്നത്. അങ്ങനെയൊരു കാഴ്ചയാണ് അതിരപ്പിള്ളി ഭാഗത്തു നിന്നുമുണ്ടായത്. റോഡിലേയ്ക്ക് കടപുഴകി വീണ മരം വെട്ടിതെളിച്ച കെഎസ്ആര്‍ടിസി ഡ്രൈവറാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം.
ചാലക്കുടി അതിരപ്പിള്ളി റൂട്ടിലാണ് സംഭവം. മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിനു മുന്നിലാണ് വലിയ ശബ്ദത്തില്‍ മരം കടപുഴകി വീണത്. ഷോളയാറില്‍ വഴിമധ്യേ മറിഞ്ഞ മരത്തിന് മുന്പില് ബസ് ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു. ആരു മാറ്റും മുന്പിലെ തടസം? കാഴ്ച കണ്ടിരിക്കാന്‍ നേരമില്ലെന്നു മനസിലാക്കിയ ഡ്രൈവര്‍ വണ്ടി ഓഫ് ചെയ്ത് വെട്ടുകത്തിയെടുത്തു.
ഷര്‍ട്ട് ഊരി സീറ്റിനു പിറകില്‍ തൂക്കി പാന്റ് മടക്കി വെച്ച് ചാലക്കുടി ഡിപ്പോയിലെ ഡ്രൈവര്‍ ഷാജന് റോഡിലേയ്ക്ക് ഇറങ്ങി. മഴയെ വകവയ്ക്കാതെ ചാടി ഇറങ്ങിയത്. മറ്റൊന്നിനുമല്ല മരം വെട്ടിമാറ്റി യാത്ര തുടരാന്‍. ഇതു കണ്ട യാത്രക്കാരില്‍ രണ്ട് ആദിവാസി യുവാക്കളും ഒപ്പം കൂടി. ഒന്നര മണിക്കൂര്‍ നീണ്ടു ഇവരുടെ കഠിന പ്രയത്നം. ഇതുകണ്ടതോടെ സമീപവാസികളും മറ്റും ആനവണ്ടിയ്ക്ക് ജയ് വിൡച്ച് പിന്തുണ നല്കി എത്തി. മലയാളികളുടെ ഒത്തുകൂടലില്‍ വലിയ പ്രതിസന്ധിയാണ് നീക്കം ചെയ്തത്.