കൊച്ചി: കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ സ്വാലിഹ് ബത്തേരി എന്ന മതപണ്ഡിതന്റെ വീഡിയോ അടുത്തിടെ ഏറെ വിവാദമായിരുന്നു. ഗോവിന്ദച്ചാമിയെ പിന്തുണച്ചുകൊണ്ടുള്ള മതപ്രഭാഷകന്റെ പ്രസംഗത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതോടെ സമാനമായ പ്രഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
അത്തരത്തില്‍ മറ്റൊരു മതപ്രഭാഷകന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനം നേരിടുന്നത്. പൊതുഇടങ്ങളില്‍ ഭര്‍ത്താവും ഭാര്യയും കൈകോര്‍ത്ത് പിടിച്ച് നടക്കുന്നതിനെയും ഒരുമിച്ച് അടുത്തടുത്തിരുന്ന് ബസില്‍ യാത്ര ചെയ്യുന്നതിനെയും വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു മതപ്രഭാഷകന്റെ വീഡിയോ.
ഇദ്ദേഹത്തിന്റെ വാക്കുകളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഇത്തരം പ്രഭാഷണങ്ങള്‍ ചിരി ഉണര്‍ത്തുന്നുവെന്ന് ജസ്ല പറയുന്നു. ഇത്തരത്തിലുള്ള ഉസ്താദുമാരെ പ്രോത്സാഹിപ്പിക്കുന്നത് മോശം കാര്യമാണെന്നും ഇവരെ പ്രഭാഷണങ്ങള്‍ക്ക് വിളിക്കാതിരിക്കാന്‍ പറ്റുമോയെന്ന് നോക്കണമെന്നും ജസ്ല പറയുന്നു.
‘ഉസ്താദുമാരെ ട്രോളുക എന്നത് അത്ര ഇഷ്ടമുള്ള കാര്യമൊന്നുമല്ല, ഭയങ്കര ബോറിംഗ് ആണ് അത്. പക്ഷെ, ദിവസവും ഞങ്ങളെ ട്രോളൂ എന്ന് പറഞ്ഞ് ഓരോ വീഡിയോകള്‍ ഇറക്കി കൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ ഏറ്റവും വലിയ ഭവിഷ്യത്താണ് മതങ്ങള്‍. സമൂഹത്തെ പിന്നോട്ടടിക്കുന്ന ഒരു കാര്യമാണ്. ഇത്തരം ഉസ്താദുമാര്‍ ഉള്ളിടങ്ങളില്‍ സമൂഹത്തില്‍ ചിരിക്കാനും ഇരിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യത്തിനു വിലക്കായി മാറാറുണ്ട്. കിട്ടാത്ത മുന്തിരി പുളിക്കും എന്നൊരു ചൊല്ലുണ്ട്. ഉസ്താദിന് അതിനു പറ്റുന്നില്ല. മറ്റുള്ളവര്‍ ചെയ്യുന്നത് കാണുമ്പോള്‍ ഉസ്താദിന് പ്രശ്നം’, ജസ്ല പറയുന്നു
‘സ്വന്തം ഭാര്യയുടെ കൂടെ ഇരിക്കരുത്, പൊതുഇടങ്ങളില്‍ ഇറങ്ങരുത്, ബസില്‍ ഒരുമിച്ച് ഇരിക്കരുത്’ എന്നൊക്കെയാണ് വൈറല്‍ വീഡിയോയില്‍ മതപ്രഭാഷകന് പറയുന്നത്. മുത്ത്നബി പറഞ്ഞതിങ്ങനെ എന്ന് പറഞ്ഞായിരുന്നു മതപണ്ഡിതന്റെ പ്രഭാഷണം. പൊതുഇടങ്ങളില്‍ സ്വന്തം ഭാര്യയെ കെട്ടിപിടിക്കുന്നതിനോ ഒന്നിച്ചിരുന്ന് യാത്ര ചെയ്യുന്നതിനോ ലജ്ജയില്ലെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇത്തരക്കാര്‍ക്ക് മാനമില്ലെന്നും പറയുന്നുണ്ട്.