ബാലരാമപുരം: അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ട് തടയാനെത്തിയ ബന്ധുവിനെ ചവിട്ടി കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. കോട്ടുകാല്‍ക്കോണം കോഴോട് ചിറയില്‍ വിളാകത്ത് പുത്തന്‍വീട്ടില്‍ ദീപാരാധനയില്‍ തമ്പി എന്ന രാമചന്ദ്രന് (63) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കോട്ടുകാല്‍കോണം കോഴോട് ചിറയില്വിളാകത്ത് പുത്തന്‍വീട്ടില്‍ സന്ദീപി(30) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുടെ സഹോദരിയായ സുധാകുമാരിയെ മകന് സന്ദീപ് ഉപദ്രവിക്കുന്നത് കണ്ട് തടയാനെത്തിയതായിരുന്നു രാമചന്ദ്രന്.
സന്ദീപിനെ വീട്ടിനുള്ളിലാക്കി കതകടച്ച് രാമചന്ദ്രന് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തു. പിന്നീട് ഇതിന്റെ രോഷത്തിലായിരുന്ന സന്ദീപ് വീടിന് പുറത്തെ കസേരയില്‍ ഇരിക്കുകയായിരുന്ന രാമചന്ദ്രനെ ചവിട്ടി വീഴ്ത്തിയ ശേഷം തലയില്‍ നിരവധി തവണ ചവിട്ടുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. അവശനിലയിലായ രാമചന്ദ്രനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മല്‍പിടിത്തത്തിലൂടെയാണ് സന്ദീപിനെ ബാലരാമപുരം സിഐ ജയകുമാര്‍, എസ്ഐ വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
സന്ദീപിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ മാതാവ് സുധാകുമാരിയെ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദീപ് മാനസിക പ്രശ്നങ്ങള്‍ക്ക് നേരത്തെ ചികിത്സ തേടിയിരുന്നതായി പോലീസ് പറഞ്ഞു. രാമചന്ദ്രന്റെ ഭാര്യ സുലോചന. മക്കള്‍: ദീപു, സീബു, ദീപദേവി. മരുമക്കള്‍: അനു, ചിഞ്ചു, ശ്രീകാന്ത്.