കൊല്ലം: കൊട്ടിയം ഇത്തിക്കരയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് വഴിവെച്ചത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉറങ്ങിപ്പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചതോടെയാണ് അപകട കാരണം ലോറി ഡ്രൈവറുടേതല്ലെന്ന് തിരിച്ചറിഞ്ഞത്.
സിസിടിവി ദൃശ്യങ്ങളില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് സൂചന നല്‍കുന്നത്. ഇടതു ദിശയില്‍ വരികയായിരുന്ന ബസ് ഇത്തിക്കര പാലം കടക്കവേ വലതു ദിശയിലൂടെ സഞ്ചരിച്ച് ലൈന്‍ മാറി ലോറിയിലേക്ക് ഇടിക്കുകയായിരുന്നു. ബസിന് തൊട്ടുപിറകിലായി വന്ന സ്കൂട്ടര്‍ യാത്രികന് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ബസ് കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറിയ ഉഗ്രശബ്ദം കേട്ടാണ് വണ്ടികള്‍ നിന്നതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
അപകടത്തില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിന്റെ ഡ്രൈവര്‍ അബ്ദുള്‍ അസീസും, കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി സുഭാഷ്, ലോറി ഡ്രൈവര്‍ ചെങ്കോട്ട സ്വദേശി ഗണേശരന് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി എക്സ്പ്രസ് ബസും എറണാകുളം ഭാഗത്തേക്ക് ചരക്കുമായി വന്ന ലോറിയും അപകത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസിലെ 15ലധികം യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ലോറി ശരിയായ ലൈനില്‍ തന്നെയാണ് വന്നതെന്നും ദൃശ്യങ്ങളില്‍ കാണാം. ബസിലെ ഡ്യൂട്ടി സമ്പ്രദായത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന് എംഡി ടോമിന് തച്ചങ്കരിയുള്പ്പെടുള്ളവര് മുന്‍പ് തന്നെ ആവശ്യമുന്നയിച്ചിട്ടുള്ളതാണ്. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക വരുന്നതോടെ ഉറക്കങ്ങള്‍ വരുത്തി വയ്ക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാനും സാധിക്കും.