തിരുവനന്തപുരം: ശമനമില്ലാതെ സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുപിടിക്കുകയാണ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്.
പെരുന്നാളിന് പള്ളിയില്‍ ആളുകളെ പങ്കെടുപ്പിച്ച് പ്രാര്‍ത്ഥന നടത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ നാല്‍പ്പത് പേരെ പങ്കെടുപ്പിച്ച് പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ആവശ്യപ്പെട്ടു.
വ്യാപാര സ്ഥാപനങ്ങളടക്കം എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നും അടച്ചിടലല്ല, തുറന്നിടലാണ് പ്രായോഗികമെന്നും കാന്തപുരം പറഞ്ഞു. നിയന്ത്രണങ്ങള്‍ സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള പോരാട്ടത്തിലേക്ക് എത്തരുതെന്നും ഇരുകൂട്ടരും യോജിപ്പോടെ മുന്നോട്ട് പോകണമെന്നും കാന്തപുരം പറഞ്ഞു.
വ്യാപാരസ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്ന രീതി മാറ്റണം. അടച്ചിട്ട ശേഷം ഇടയ്ക്ക് തുറക്കുമ്പോള്‍ തിരക്ക് കൂടുകയാണ്. വാടക കൊടുക്കാന്‍ പോലും കഴിയാതെ കച്ചവടക്കാര്‍ ദുരിതത്തിലാണ്. എല്ലാദിവസവും കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അനുബന്ധമായി പ്രോട്ടോകോള്‍ പാലിക്കുന്നത് പരിശോധിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.