മാന്നാര്‍: അതിഥി തൊഴിലാളിയുടെ സത്യസന്ധതയും നല്ല മനസ്സും കാരണം അജിത്തിന് തിരികെ കിട്ടിയത് വിലപ്പെട്ട രേഖകളും പണവും. ബംഗാള്‍ സ്വദേശിയായ ഷെയ്ഖ് സുലൈമാന്‍ എന്ന അതിഥി തൊഴിലാളിയുടെ സത്യ സന്ധതക്ക് പകരം നല്കാന് ഒന്നിനുമാവില്ലെന്നാണ് പാവുക്കര കരയോഗം സ്കൂളിന് സമീപം അമൃതം വീട്ടില്‍ അജിത്കുമാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. അജിത്ത് കുമാറിന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. ഹിന്ദി കലര്‍ന്ന മലയാളത്തിലുള്ള സംസാരം കേട്ട് അജിത് ആദ്യം ഒന്നമ്പരന്നു. മണി പേഴ്സ് കിട്ടിയിട്ടുണ്ട്, മാന്നാര്‍ ടൗണിലുള്ള താജ് ട്രാവല്‍സിന് സമീപം എത്തിയാല്‍ തിരികെ നല്‍കാമെന്നായിരുന്നു അതിഥി തൊഴിലാളി പറഞ്ഞത്.
അപ്പോഴാണ് അജിത് കുമാര്‍ പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പറഞ്ഞ സ്ഥലത്ത് എത്തി നഷ്ടപ്പെടുമായിരുന്ന തന്റെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്സ് ഏറ്റുവാങ്ങി. പാരിതോഷികം നല്‍കിയെങ്കിലും അത് വാങ്ങാന്‍ സുലൈമാന്‍ തയ്യാറായില്ല.
അയ്യായിരത്തോളം രൂപയും ബാങ്ക് കാര്‍ഡുകളും ജോലി സംബന്ധമായ രേഖകളും അടങ്ങിയ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സാണ് തിരികെ ലഭിച്ചത്. പതിനൊന്ന് വര്‍ഷമായി കേരളത്തില്‍ കെട്ടിട നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന ഷെയ്ഖ് സുലൈമാന്‍ മാന്നാറില്‍ എത്തിയിട്ട് ആറു വര്‍ഷമായി. നാട്ടില്‍ ഭാര്യയും രണ്ട് പെണ്കുട്ടികളുമടങ്ങിയ കുടുംബത്തിന്റെ അത്താണിയായ ഷെയ്ഖ് സുലൈമാന്‍ മാന്നാര്‍ ടൗണില്‍ താജ് ട്രാവല്‍സിന് പുറകിലുള്ള വാടകക്കെട്ടിടത്തിലാണ് സുഹൃത്തുക്കളോടൊപ്പം താമസിക്കുന്നത്.