ചിറ്റൂര്‍: വിഷജീവിയുടെ കടിയേറ്റു 11 മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം കോളനിയില്‍ രമേഷിന്റെ മകള്‍ ദേവനന്ദയാണു മരിച്ചത്. കുട്ടിയെ കടിച്ചത് പാമ്പാണെന്നു സംശയമുണ്ടെങ്കിലും ഉറപ്പിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഇന്നലെ രാവിലെ ഒന്‍പതോടെ കമ്പിളിച്ചുങ്കത്തെ വീട്ടില്‍ വെച്ചാണ് കുട്ടിയ്ക്ക് വിഷ ജീവിയുടെ കടിയേറ്റത്. രാവിലത്തെ ഭക്ഷണത്തിനു ശേഷം അമ്മയോടൊപ്പം കട്ടിലില്‍ ഇരുന്നു ജനാലയില്‍ പിടിച്ചു കളിക്കുകയായിരുന്നു ദേവനന്ദ. പെട്ടെന്നു കരച്ചില് കേട്ട് അമ്മ നോക്കിയപ്പോള്‍ കുട്ടിയുടെ കയ്യില്‍ ചെറിയ മുറിപ്പാട് കണ്ടു.
ഈ സമയം സമീപത്തുണ്ടായിരുന്ന പൂച്ചയുടെ നഖം തട്ടിയതായിരിക്കാമെന്നാണു വീട്ടുകാര്‍ കരുതിയതത്രെ. അല്പസമയത്തിനു ശേഷം കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍, പത്തരയോടെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ചിറ്റൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ജനാലയിലൂടെയെത്തിയ ഇഴജന്തുക്കളെന്തെങ്കിലും കടിച്ചതാകാനാണു സാധ്യതയെന്നും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ എന്നും പൊലീസ് പറഞ്ഞു. അമ്മ: രാഖി. സഹോദരന്: രോഹിത്ത്.