ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ യുവാവ് പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന സംഭവം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കേസിലെ പ്രതി അര്‍ജുനുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. കുട്ടിക്ക് സ്ഥിരമായി പ്രതി മിഠായികള്‍ വാങ്ങാറുണ്ടായിരുന്നു. ഈ കടകളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
നാളുകളായി പീഡിപ്പിക്കുന്ന കുട്ടി കരയുമ്പോഴെല്ലാം അര്ജുന് കുട്ടിക്ക് മിഠായി നല്കി വരുതിയിലാക്കുകയായിരുന്നു. കൊല നടന്ന ദിവസം 50 രൂപയ്ക്ക് അര്ജുന് മിഠായി വാങ്ങിയതായി കടയുടമ പറഞ്ഞു. കൊലയുടെ അന്ന് 12 മണിയോടെയാണ് അര്ജുന് എത്തിയത്.
സംഭവത്തില്‍ കടയുടമയെ പ്രധാന സാക്ഷിയാക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് ഇടുക്കി വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ ആറു വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനത്തിനിടെ കുട്ടി കരഞ്ഞപ്പോള്‍ ശബ്ദം പുറത്തു വരാതിരിക്കാന്‍ അര്ജുന് കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ചു.
ബോധരഹിതയായി വീണ കുട്ടി മരിച്ചു എന്നു കരുതി മുറിയില്‍ ഷാള്‍ ഉപയോഗിച്ച് കുട്ടിയെ കെട്ടിത്തൂക്കുകയായിരുന്നു. 2019 നവംബര്‍ മുതല്‍ കുട്ടിയെ അര്ജുന് പീഡിപ്പിച്ചു വരികയായിരുന്നു. അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്ന അര്ജുന് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.