കൊട്ടാരക്കര: മോഷണം പോയ ആംബുലന്‍സിന്റെ അതേ നമ്പര്‍ ഉപയോഗിച്ച് വ്യാജ ആംബുലന്‍സ് സര്‍വീസ് നടത്തിയതായി പരാതി. കൊട്ടാരക്കരയില്‍ ഓടിയിരുന്ന ആംബുലന്‍സ് പിടികൂടി പരിശോധന നടത്തി. മോഷണം പോയ ആംബുലന്‍സിന്റെ ഉടമ ചിരട്ടക്കോണം സ്വദേശി ഷിബുവാണ് ഇഞ്ചക്കാട് സ്വദേശിയുടെ അതേ നമ്പറിലുള്ള വ്യാജ ആംബുലന്‍സ് തടഞ്ഞു വച്ച് പോലീസിന് കൈമാറിയത്.
തുടര്‍ന്നു ചിരട്ടക്കോണത്തെത്തിയ പന്ത്രണ്ടോളം പേരടങ്ങിയ സംഘം ഷിബുവിനെ മര്‍ദിച്ചു വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തിയതായും ഷിബു പരാതിയില്‍ ആരോപിക്കുന്നുണ്ട്. അക്രമി സംഘമെത്തിയ മൂന്നു വാഹനങ്ങളില്‍ ഒരെണ്ണം പോലീസ് കസ്റ്റഡിയിലെടുത്തു. 2017ലാണ് ഷിബുവിന്റെ ആംബുലന്‍സ് മോഷണം പോയത്.
സംഭവത്തില്‍. ഷിബു പോലീസില്‍ പരാതി നല്‍കിയിരുന്നു. ആംബുലന്‍സിന്റെ രേഖകള്‍ കൈക്കലാക്കിയ ശേഷം ഇഞ്ചക്കാട് സ്വദേശി പഴയ വാന്‍ ആംബുലന്‍സാക്കി മാറ്റിയെന്നാണ് നിഗമനം. വാന്‍ വിശദ പരിശോധനയ്ക്കായി മോട്ടര്‍ വാഹന വകുപ്പിനു കൈമാറുമെന്നു പോലീസ് അറിയിച്ചു. രണ്ടു ദിവസം മുന്‍പ് പുത്തൂര്‍ മുക്കിലാണ് മോഷണം പോയ ആംബുലന്‍സിന്റെ അതേ നമ്പറില്‍ മറ്റൊരു ആംബുലന്‍സ് ഷിബു കണ്ടത്. സംഭവത്തെത്തുടര്‍ന്നു കൊട്ടാരക്കര പൊലീസ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത മൂന്ന് ആംബുലന്‍സുകള്‍ പിടിച്ചെടുത്തു.