വര്‍ക്കല: ഹൃദയാഘാതം വന്ന കൊവിഡ് രോഗിക്ക് രക്ഷകരായി കൊവിഡ് വൊളന്റിയര്‍മാര്‍. ഹൃദയാഘാതം നേരിട്ട ഉടനെ നല്കിയ പ്രഥമശുശ്രൂഷയാണ് വട്ടപ്ലാംമൂട് കോളനിയില്‍ സജീവിനെ(50) ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്. വട്ടപ്ലാംമൂട് ഡൊമിസിലറി കെയര്‍ സെന്ററിലെ വൊളന്റിയര്‍മാരായ ചെമ്മരുതി പറിങ്കിമാംവിള വീട്ടില്‍ സുമേഷ്(26), ശ്രീനിവാസില്‍ പ്രവീണ്‍(26), നന്ദനം വീട്ടില്‍ അനന്തു(22), എം.എസ്.സദനത്തില്‍ സജീവ്(31) എന്നിവരാണ് അവസരോചിതമായ ഇടപെടലിലൂടെ ഒരു ജീവനെ രക്ഷിച്ചത്.
ഞായറാഴ്ച വെളുപ്പിന് അഞ്ചുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബോധരഹിതനായി സജീവ് കുഴഞ്ഞുവീഴുകയായിരുന്നു. കോവിഡ് ബാധിച്ച് സെന്ററില്‍ത്തന്നെ കഴിയുന്ന ഇയാളുടെ ഭാര്യയുടെയും മകളുടെയും നിലവിളി കേട്ടാണ് വൊളന്റിയര്‍മാര്‍ ഓടിയെത്തിയത്. പ്രഥമശുശ്രൂഷ നല്കി സെന്ററിലുണ്ടായിരുന്ന പ്രത്യേക വാഹനത്തില്‍ ഇവര്‍ രോഗിയെ കൊല്ലം മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു.
തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന രോഗി അപകടനില തരണംചെയ്തുവരുന്നതായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗികള്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നതിനുള്ള പരിശീലനം ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് നാലു ഘട്ടമായി വൊളന്റിയര്‍മാര്‍ക്കു ലഭിച്ചിരുന്നു. പ്രഥമശുശ്രൂഷ ശരിയായി നല്കി ജീവന് രക്ഷിക്കാന്‍ മുന്‍കൈയെടുത്ത വൊളന്റിയര്‍മാരെ ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ ബിറിലും കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അന്‍വര്‍ അബ്ബാസും അഭിനന്ദിച്ചു.