മാവേലിക്കര: മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പോലീസ് സ്റ്റേഷനിലെത്തി മകനെ കൊണ്ട് തിരികെ ഏല്‍പ്പിച്ച് അമ്മയുടെ മാതൃകാപരമായ ഇടപെടല്‍. ഇതോടെ സങ്കടത്തിലായ ജെറോമിനും ജോയലിനും സന്തോഷമായി. ഫോണ്‍ കവര്‍ന്നതു തന്റെ മകനാണെന്നു മനസ്സിലാക്കി അവനെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു ഈ അമ്മ. ശേഷം ഫോണ്‍ ഹാജരാക്കുവാനും നിര്‍ദേശം നല്‍കുകയായിരുന്നു.
ഭിന്നശേഷിക്കാരനായ തഴക്കര കൊച്ചുവീട്ടില്‍ കെ.ടി.വര്‍ഗീസിന്റെ മക്കളായ നാലാം ക്ലാസ് വിദ്യാര്‍ഥി ജെറോം, ഒന്‍പതില്‍ പഠിക്കുന്ന ജോയല്‍ എന്നിവരുടെ ഫോണ്‍ ശനിയാഴ്ചയാണു മോഷണം പോയത്. വീടിനോടു ചേര്‍ന്നു വര്‍ഗീസ് നടത്തുന്ന ചായക്കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയാണു ഫോണ്‍ കവര്‍ന്നത്.
ഓണ്‍ലൈന്‍ പഠനത്തിനു നിവൃത്തിയില്ലാതെ വിഷമിച്ച കുട്ടികള്‍ക്ക് എംഎല്‍എ ഇടപെട്ടു നല്കിയതായിരുന്നു ഫോണ്‍. മോഷ്ടാവിന്റെ ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. അതു തന്റെ മകനാണെന്നു തിരിച്ചറിഞ്ഞ പള്ളിപ്പാട് സ്വദേശിനി, പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനുമൊത്തു മാവേലിക്കര സ്റ്റേഷനിലെത്തുകയായിരുന്നു.
വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത പൊലീസ് അമ്മയ്ക്കൊപ്പം വിട്ടു. പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളില്‍നിന്നു പണം മോഷ്ടിച്ചതിനു മുന്‍പു ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിട്ടുണ്ട്. കൗണ്‍സലിങ്ങിനു വിധേയനാകുന്നുണ്ടെന്നും പോലീസ് പറഞ്ഞു.