മുണ്ടക്കയം: പെറ്റമ്മ കൊലപ്പെടുത്തിയ ഷംനമോള്ക്ക് നാട് കണ്ണീരോടെ വിടചൊല്ലി. ഭൗതികശരീരം കൂട്ടിക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കി. കൂട്ടിക്കല്‍ കണ്ടത്തില്‍ (കൊപ്ലിയില്‍) ഷെമീറിന്റെ മകള്‍ 12 വയസുകാരി ഷംനയാണ് അമ്മയുടെ കൈകളാല്‍ മരണപ്പെട്ടത്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീടിനുമുന്നിലെ റോഡരികില്‍ ആംബുലന്‍സിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കുമായി പൊതുദര്‍ശനത്തിന് വെച്ചു. നിരവധിയാളുകള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. പലരും നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. പിന്നീട് കൂട്ടിക്കല്‍ മുഹ്യിദ്ദീന് പള്ളിയങ്കണത്തില്‍ മയ്യിത്ത് നമസ്കാരത്തിനുശേഷം ഖബറടക്കി.
ഗള്‍ഫിലായിരുന്ന പിതാവ് ഷെമീര്‍ തിങ്കളാഴ്ച പുലര്‍ച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയശേഷം രാവിലെ ഏഴോടെയാണ് വീട്ടിലെത്തിയത്. ഷെമീറിനെ എങ്ങനെ സാന്ത്വനപ്പെടുത്തണമെന്നറിയാതെ സുഹൃത്തുക്കളും വിഷമിച്ചു.