അഞ്ചുവര്‍ഷത്തെ പ്രണയം ഒടുവില്‍ പൂവണിഞ്ഞു. മഞ്ജുവിന് ജീവിതത്തിന്റെ ഉയരങ്ങളിലേക്ക് കുതിക്കാന്‍ കൂട്ടായി വിനുരാജെത്തി. പാരാലിംപിക്സ് ദേശീയ മെഡല്‍ ജേതാവും പാലക്കാട് മുണ്ടൂര്‍ നൊച്ചുള്ളി പുത്തന്‍പുരയ്ക്കല്‍ രാഘവന്റെ മകളുമായ മഞ്ജുവിന്റെയും കൊടുന്തിരപ്പുള്ളി അത്താലൂര് സ്വദേശി വിനുരാജിന്റെയും വിവാഹം കഴിഞ്ഞു.
കായികതാരമായ മഞ്ജു സിനിമാതാരവും കൂടിയാണ്. പൊക്കമില്ലാത്തവര്‍ അഭിനേതാക്കളായ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മഞ്ജു. 2018 ല്‍ പുറത്തിറങ്ങിയ സൂരജ് എസ്. കുറുപ്പ് സംവിധാനം ചെയ്ത ‘മൂന്നര’ എന്ന സിനിമയിലെ നായികാവേഷം സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി.
തുടര്‍ന്ന് തമിഴ്, മലയാളം ഭാഷകളിലായി പത്തോളം സിനിമകളിലും ആല്‍ബങ്ങളിലും അഭിനയിച്ചു. മോഹിനിയാട്ടം, ഭരതനാട്യം നര്‍ത്തകി കൂടിയായ മഞ്ജു ഒട്ടേറെ സ്റ്റേജ് ഷോകളിലും പങ്കെടുത്തു. സിനിമയ്ക്കൊപ്പം കായികമേഖലയിലും മിന്നിത്തിളങ്ങി.
ഷോട്പുട്, ബാഡ്മിന്റന്‍, ലോങ്ജംപ് മത്സരങ്ങളില്‍ കേരളത്തിനായി മൂന്നു സ്വര്‍ണവും രാജ്യത്തിനായി വെള്ളിയും നേടി. ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ ഹിസ്റ്ററിയില്‍ ബിരുദവും കംപ്യൂട്ടര്‍ കോഴ്സില്‍ ഡിപ്ലോമയും നേടി. കല്ലേക്കാട് മൊബൈല്‍ ഷോപ്പ് നടത്തുന്ന വിനുരാജിനെ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ പോയപ്പോഴാണ് കണ്ടുമുട്ടിയത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു മുന്നില്‍ തടസ്സങ്ങളെല്ലാം മാറി ഇന്നലെ യാക്കര വിശ്വേശ്വര ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മുപ്പത്തിമൂന്നുകാരി മഞ്ജുവിനു മുപ്പത്താറുകാരന് വിനുരാജ് താലി ചാര്‍ത്തി.