തിരുവനന്തപുരം: ഇഷ്ടമല്ലെന്നു പറഞ്ഞിലും, തള്ളിപ്പറഞ്ഞാലും പോലീസിനോട് ഭയഭക്തി ബഹുമാനം ഉള്ളവരാണ് കേരളീയര്‍. ഒന്നോ രണ്ടോ ചെയ്യുന്ന ക്രൂരതകള്‍ക്ക് ഒരു വിഭാഗത്തെ അടച്ചു പറയേണ്ട കാര്യമില്ല എന്നതിനു തെളിവായി മാറുകയാണ് ഫേസ്ബുക്കിലെ കേരള പോലീസിന്റെ പേജ്. മലയാളികളുടെയും മറ്റും ലൈക്കു കൊണ്ട് രാജ്യത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് കേരള പോലീസ്.
അംഗബലം കൊണ്ടും ട്രോള്‍ കൊണ്ടും കേരള പൊലീസിനെ വെല്ലാന്‍ ഇനി രാജ്യത്തെ ഒരു സേനയ്ക്കുമാകില്ലെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് കേരള പോലീസിന്റെ നര്‍മം കലര്‍ത്തിയുള്ള ബോധവത്കരണം. ബംഗളൂരു സിറ്റി പോലീസിന്റെ 6.46 ലക്ഷം ലൈക്കുകളെ മറികടന്നാണു കേരള പോലീസ് രാജ്യത്തെ കേമനായി മാറിയത്. ഇനി എല്ലാ മലയാളികള്‍ക്കും പറയാം ഞങ്ങളുടെ പോലീസ് സേനയാണ് മുന്പില് എന്ന്.
ഫേസ്ബുക്ക് പേജില്‍ നിന്നു നേടിയ ചരിത്രനേട്ടത്തിനു നന്ദി പറഞ്ഞു കേരള പോലീസ് സംഘം എത്തി. ആശയ സംവേദനത്തിന്റെ നവ മാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യാന്‍ കേരള പോലീസ് നടത്തുന്ന പരിശ്രമങ്ങള്‍ക്കു നിങ്ങള്‍ നല്കുന്ന പിന്തുണയും കരുത്തുമാണ് ഈ നേട്ടത്തിനു പിന്നില്ലെന്നു കേരള പോലീസ് പറയുന്നു. പൊലീസിന്റെ മാര്‍ഗനിര്‍ദേശങ്ങളും മുന്നറിയിപ്പുകളും കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി ഈ പേജ് കൂടുതല്‍ ജനകീയമാക്കുന്നതെന്ന് സംഘം പ്രതികരിച്ചു.