ഇന്ന് സ്പീഡ് ഒരു ഹരമാണ് ഫാത്തിമയ്ക്ക്, ‘പെണ്ണുങ്ങള്‍ക്കെന്താ ബൈക്ക് ഓടിച്ചാല്‍ കുഴപ്പം?’ എന്ന ഒറ്റ ചോദ്യത്തിലൂടെയാണ് ഉപ്പ ആസാദിന്റെ മനസ്സ് കീഴടക്കി ആറുവയസ്സുകാരി ഫാത്തിമ കുഞ്ഞ് ബൈക്ക് സ്വന്തമാക്കിയത്. തുടരെ തുടരെ വീണും എഴുന്നേറ്റും കൊണ്ടുപിടിച്ച ഡ്രൈവിങ് പഠനത്തിനൊടുവില്‍ അവള് തന്റെ സ്വപ്നം സാക്ഷാത്കരിച്ചു.
ഇന്ന് ഫാത്തിമയ്ക്ക് ബൈക്കില്‍ നിന്ന് താഴെ വീഴുമോ എന്ന ഭയമില്ല, സ്കിഡ് ചെയ്തു പറപറത്തുന്നതാണ് ഏറെയിഷ്ടം. തെന്നിവീണാലും ഐ ഡോണ്ട് കെയര്‍ എന്ന ആറ്റിറ്റിയൂഡ്. എറണാകുളത്ത് ഇ- കൊമേഴ്സ് ബിസിനസ് നടത്തുന്ന ആലുവയിലെ വെളിയത്ത്നാട് സ്വദേശി ആസാദിന്റെയും ഷബ്നയുടെയും മകളാണ് ഫാത്തിമ.
മൂന്നു മക്കളാണ് ഇവര്‍ക്ക്. മൂത്തയാള്‍ ഹയ ഫാത്തിമ, ഏഴില്‍ പഠിക്കുന്നു. രണ്ടാമത്തെയാളാണ് ആറു വയസ്സുകാരി ഫാത്തിമ നെഷ്വ. മകന് അഹമ്മദ് ഹമ്പല്‍, നാലു വയസ്സാണ്. കഴിഞ്ഞ ലോക് ഡൗണില്‍ വീട്ടില്‍ ആയതോടെ കുട്ടികളുമൊത്ത് കൂടുതല്‍ നേരം ചിലവഴിക്കാന്‍ പറ്റിയപ്പോഴാണ് അവരുടെ ഇഷ്ടങ്ങള്‍ ആസാദ് മനസ്സിലാക്കുന്നത്.
അങ്ങനെയാണ് ഫാത്തിമ നെഷ്വയുടെ ആഗ്രഹത്തെപ്പറ്റി അറിയുന്നത്. ഒരു ദിവസം ‘പെണ്ണുങ്ങള്‍ക്കെന്താ ബൈക്ക് ഓടിച്ചാല്‍ കുഴപ്പം? എനിക്ക് ബൈക്ക് ഓടിക്കണം’ എന്നവള്‍ പറഞ്ഞു. പെണ്ണുങ്ങള്‍ക്ക് ബൈക്ക് ഓടിക്കാന്‍ പറ്റില്ലെന്ന് ആരാ പറഞ്ഞത് എന്ന് ഞാന്‍ ചോദിച്ചു. അനിയന് പറഞ്ഞു പെണ്ണുങ്ങള് ബൈക്ക് ഓടിക്കില്ല എന്ന്. ഞാന്‍ പെണ്ണായതു കൊണ്ടല്ലേ വാപ്പി എനിക്ക് ബൈക്ക് വാങ്ങി തരാത്തത് എന്നവള്‍ ചോദിച്ചു. അതെനിക്ക് വിഷമമായി. അങ്ങനെയൊന്നുമില്ല പെണ്ണുങ്ങള്‍ക്ക് ബൈക്ക് ഓടിക്കാം എന്ന് പറഞ്ഞു ഞാനവളെ സമാധാനിപ്പിച്ചു.”- ആസാദ് പറയുന്നു.
ഫാത്തിമയ്ക്കായി ആദ്യമൊരു വണ്ടി കിട്ടിയത് കളമശ്ശേരിയില്‍ നിന്നാണ്. മലേഷ്യയില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്ത സ്റ്റാര്‍ട്ട് ആകാത്ത ബൈക്കായിരുന്നു അത്. അത് കയ്യില്‍ കിട്ടിയതോടെ ഭയങ്കര പുന്നാരമായിരുന്നു. കെട്ടിപ്പിടിച്ച് ഇരിക്കുക, മുകളില്‍ കയറി ഇരിക്കുക, വീടിനുള്ളില്‍ തള്ളിക്കൊണ്ട് നടക്കുക ഇതൊക്കെയായിരുന്നു കലാപരിപാടികളെന്ന് ആസാദ് കൂട്ടിച്ചേര്‍ത്തു.
”പിന്നീട് ഞാനും എന്റെ സുഹൃത്തും കൂടി ബൈക്ക് സ്റ്റാര്‍ട്ട് ആക്കി റെഡിയാക്കിയെടുത്തു. സൈക്കിള്‍ ബാലന്‍സ് ഉണ്ടായിരുന്നത് കൊണ്ട് അവള് രണ്ടുമൂന്നു ദിവസം കൊണ്ട് പക്കാ ആയിട്ട് ഡ്രൈവിങ് പഠിച്ചെടുത്തു. പെട്രോള്‍ ഓട്ടോമാറ്റിക് വണ്ടിയായിരുന്നു.
മുറ്റത്തെ ചെടിച്ചട്ടിയില്‍ ഇടിച്ചുവീഴുമോ എന്ന് പേടിച്ചു പഠനം പിന്നീട് ഗ്രൗണ്ടിലേക്ക് മാറ്റി. അവിടെ വച്ച് നന്നായി സ്പീഡ് കൂട്ടി ഓടിക്കുക, ചാടിക്കുക തുടങ്ങിയ ബൈക്ക് അഭ്യാസങ്ങളൊക്കെ ചെയ്തു തുടങ്ങി. ഇതൊക്കെ കണ്ടപ്പോള്‍ ഇഷ്ടം കൊണ്ടാണ് അവളിത് പറഞ്ഞതെന്ന് മനസ്സിലായി. ഇതോടെ എനിക്കും ത്രില്ലായി.
ചെറിയ തിട്ടു പോലെ ഉണ്ടാക്കി കൊടുത്തു. അതിനു മുകളിലൂടെ ബൈക്ക് ചാടിക്കുന്നത് കണ്ടപ്പോള്‍ ആവേശമായി. പിന്നീട് ഗ്രൗണ്ടില്‍ ജെസിബി കൊണ്ടുവന്ന് യൂട്യൂബില്‍ കാണുന്നത് പോലെ ചെറിയൊരു ട്രാക്ക് ഉണ്ടാക്കിക്കൊടുത്തു. മോള് വളരെ നന്നായി റൈഡ് ചെയ്തു തുടങ്ങി. ഞാന്‍ എടുത്തു ഒരു വിഡിയോ കൂട്ടുകാരന് അയച്ചുകൊടുത്തു. അവനാണ് യൂട്യൂബ് ചാനല്‍ ഉണ്ടാക്കി വിഡിയോ ഇടാം എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചത്. അങ്ങനെയാണ് മോളെ കൂടുതല്‍ ആളുകള്‍ അറിഞ്ഞു തുടങ്ങിയത്” – ആസാദ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായി പറഞ്ഞു.