തിരൂര്‍: കല്യാണദിവസം പരീക്ഷയും വന്നതോടെ മണവാട്ടിയായി ചമയിച്ചൊരുക്കി കല്യാണപ്പെണ്ണിനെ വീട്ടുകാര്‍ നേരെ യാത്രയയച്ചത് പരീക്ഷ ഹാളിലേക്ക്. തിരൂര്‍ സ്വദേശി മുഫ്സിന സഹ്റയാണ് വിവാഹ വേഷത്തില്‍ പരീക്ഷയെഴുതാനെത്തിയത്.
തുഞ്ചന്‍ കോളജിലെ പരീക്ഷ ഹാളില്‍ മുഹ്സിന എത്തിയപ്പോള്‍ ആശംസകളുമായി സഹപാഠികളും അധ്യാപകരുമെത്തി. നന്നായി പരീക്ഷയെഴുതി പുറത്തിറങ്ങിയ ശേഷം സഹപാഠികളോട് കൈവീശി യാത്രപറഞ്ഞ് മുഹ്സിന ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയി.
തിരൂര്‍ കോട്ട് കാഞ്ഞിരക്കുണ്ട് സ്വദേശി വാക്യപറമ്പില് മുഹമ്മദ് കബീറിന്റെയും സുഹറയുടെയും മകളും ബി.പി അങ്ങാടിയിലെ സഹ്റാ വിമന്‍സ് കോളജിലെ മഹ്ദിയ്യ നാലാം വര്‍ഷ, ബി.എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയുമാണ് മുഫ്സിന.
കല്യാണത്തിനുള്ള ദിവസം നേരത്തേ തീരുമാനിച്ചുറപ്പിച്ചതാണ്. പരീക്ഷയും അതേ ദിവസമായതോടെ രണ്ടും ഒഴിവാക്കേണ്ടെന്നത് ഇരു വീട്ടുകാരുടെയും തീരുമാനം. ഭര്‍ത്താവ് തലക്കടത്തൂര്‍ ഉപ്പുട്ടുങ്ങല് തെണ്ടത്ത് കുഞ്ഞി മുഹമ്മദിന്റെയും പരേതയായ ആയിശയുടെയും മകന് മുഹമ്മദ് റാഷിദ് അന്‍വരിയുടെ പിന്തുണയും പ്രോത്സാഹനവും കൂടി ചേര്‍ന്നതോടെ മുഫ്സിനക്ക് മണവാട്ടിയുടെ വേഷത്തില്‍ പരീക്ഷ എഴുതാനായി.