തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതുമ്പോള്‍ ആ കത്തിന് മറുപടി കിട്ടുമെന്നോ അതില്‍ കുറിച്ച കാര്യങ്ങള്‍ ഇത്ര പെട്ടെന്ന് സാധ്യമാകുമെന്നോ ഐശ്വര്യ ഒരിക്കലും കരുതിയിരുന്നില്ല. കത്തിന്റെ ഫലമായി ഇപ്പോള്‍ നഗരത്തിലെ എല്ലാ സ്കൂള്‍, കോളേജ്, ആശുപത്രി, സര്‍ക്കാര്‍ ഓഫീസ്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നാപ്കിന് വെന്റിംഗ് മെഷീനുകളും ഇന്‍സിനേറ്ററുകളും സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്.
ആറ്റുകാലില്‍ താമസിക്കുന്ന സുരേഷ് കുമാര്‍-കവിത ദമ്പതികളുടെ മൂത്തമകളാണ് ഐശ്വര്യ. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഐശ്വര്യയ്ക്ക് ലഭിച്ച പ്രൊജക്ടാണ് വലിയൊരു പ്രശ്നത്തിന് പരിഹാരമായത്. പ്രകൃതിക്ക് ദോഷകരമായ മലനീകരണത്തിന് കാരണവും പരിഹാരവും എന്നതായിരുന്നു ഐശ്വര്യയ്ക്ക് അദ്ധ്യാപിക പ്രോജക്റ്റിനായി നല്കിയ വിഷയം.
പാഡുകളുടെ സംസ്കരണം ഭാരതത്തിലെ മുഴുവന്‍ സ്ത്രീകളും നേരിടുന്ന പ്രശ്നമാണെന്ന് മനസ്സിലാക്കിയ ഐശ്വര്യ ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ലെറ്റര്‍ ടു പ്രൈം മിനിസ്റ്റര്‍ എന്ന സൈറ്റില്‍ കയറി മെയില്‍ അയക്കുകയായിരുന്നു.
മറുപടി കിട്ടുമെന്നൊന്നും ഐശ്വര്യ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചു. വിവരങ്ങള്‍ നഗരസഭയെ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നും ആയിരുന്നു ഉളളടക്കം. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യയ്ക്ക് തിരുവനന്തപുരം നഗരസഭ ഹെല്‍ത്ത് ഓഫീസറുടെ കത്ത് ലഭിച്ചു.
നഗരസഭ അതിര്‍ത്തിയിലുളള ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നൂറ്റി ഇരുപത് നാപ്കിന് വെന്റിംഗ് മെഷീനുകളും ഇന്‍സിനേറ്ററുകളും സ്ഥാപിച്ചു കഴിഞ്ഞെന്നും മണക്കാട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസിന് സമീപം നാപ്കിന് ഡിസ്ട്രോയര്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആയിരുന്നു കത്തില്‍.
കൂടാതെ 2021-2022 വര്‍ഷത്തെ പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി മറ്റ് ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും ഇവ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്ന വിവരവും അറിയിച്ചിട്ടുണ്ട്. താനെഴുതിയ കത്തിന് പ്രധാനമന്ത്രി മറുപടി തന്നതിന്റെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയതിന്റെയും സന്തോഷത്തിലാണ് ഐശ്വര്യ ഇപ്പോള്‍. ആറ്റുകാല്‍ ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഐശ്വര്യ.