വര്‍ക്കല: ജീവിത പ്രതിസന്ധികളില്‍ തളരാതെ ആറു മാസം പ്രായമുള്ള കൈക്കുഞ്ഞിനേയും കൊണ്ട് പടപൊരുതി ഇന്ന് വിജയത്തിലേക്ക് നടന്നുകയറിയിരിക്കുകയാണ് ആനി ശിവ. 14വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ ആനി ശിവ ഇന്ന് വര്‍ക്കല പൊലീസ് സ്റ്റേഷന് എസ്ഐയായിരിക്കുകയാണ്.
കൈക്കുഞ്ഞിനേയും കൊണ്ട് തെരുവിലേക്ക് ഇറങ്ങുമ്പോള്‍ എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലായിരുന്നു അന്ന് ആനി ശിവ. കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങി കൂട്ടുകാരനൊപ്പം ജീവിതം തുടങ്ങുന്നത്.
എന്നാല്‍ പഠനം മൂന്നാം വര്‍ഷത്തില്‍ എത്തിയപ്പോഴേക്കും ഈ ബന്ധം അവസാനിച്ചു. കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് കയറിവന്ന മകളെ അംഗീകരിക്കാന്‍ വീട്ടുകാര്‍ക്കായില്ല. അതോടെയാണ് താമസം അമ്മൂമ്മയുടെ ചായപ്പിലായി. അതിനു ശേഷം ജീവിക്കാനായി ചെയ്തുകൂട്ടിയ ജോലികള്‍ക്ക് കണക്കില്ല.
കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുപോയി നടന്നു വിറ്റും ഇന്‍ഷുറന്‍സ് ഏജന്റായുമെല്ലാം ജോലി ചെയ്തു. അതിനിടെ ചില ബിസിനസുകള്‍ നടത്തിയെങ്കിലും അതും പരാജയമായി. വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന സമയത്ത് നാരങ്ങാ വെള്ളവും ഐസ്ക്രീമും വിറ്റു .
ആ സമയത്തെല്ലാം പഠനവും മുന്നോട്ടു കൊണ്ടുപോകാനും മറന്നില്ല. കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയില്‍ മാറിമാറിത്താമസിച്ചു. സുരക്ഷിതത്വത്തിനായി ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി. മകന് ശിവസൂര്യയുടെ അമ്മയും അച്ഛനുമെല്ലാമായി.
2014-ല്‍ സുഹൃത്തിന്റെ പ്രേരണയിലാണ് വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ല്‍ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ല്‍ എസ്.ഐ. പരീക്ഷയിലും വിജയം.
പരിശീലനത്തിനുശേഷം 2021 ജൂണ്‍ 25-ന് വര്‍ക്കലയില്‍ എസ്.ഐ.യായി ആദ്യനിയമനം. ”എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവള്‍. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താല്‍ അവള് ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകള്‍ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടില്‍ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു” വര്‍ഷങ്ങള്‍ നീണ്ട തന്റെ അലച്ചിലിനെ കുറിച്ച് ആനി കുറിക്കുന്നത് ഇതാണ്.