തിരുവനന്തപുരം: ദുരിതബാധിതര്‍ക്ക് സഹായവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ഒരു നൂറ്റാണ്ടിനിടയില്‍ കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് നമ്മള് ഇപ്പോള്‍ അനുഭവിക്കുന്നത്. സര്‍ക്കാര്‍ അതിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് എല്ലാവരുടെയും സഹകരണത്തോടെ അതിനെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.
”നമ്മുടെ ഉത്തരവാദിത്വം ഇവിടെ തീരുന്നില്ല, ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരണം. ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എല്ലാവിഭാഗം ജനങ്ങളും നമ്മളാല്‍ കഴിയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണം. നമ്മുടെ സഹോദരങ്ങളെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ നമുക്ക് അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം”- മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി പട്ടികജാതി-പട്ടിക വര്‍ഗ-നിയമ-സാംസ്കാരികവകുപ്പ് മന്ത്രി എകെ ബാലന് ആയിരം കിലോ അരി നല്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു.
കൂടാതെ അയല്‍സംസ്ഥാനത്തെ സിനിമ സംഘടനകളും, സിനിമ പ്രവര്‍ത്തകരും മറ്റ് വ്യവസായ പ്രമുഖരുമെല്ലാം സഹായഹസ്തവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.