കൊല്ലം: ശാസ്താംകോട്ട സ്വദേശി വിസ്മയയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരിക്കുകയാണ്. ഭര്‍തൃഗൃഹത്തില്‍വെച്ച് വിസ്മയയ്ക്ക് ക്രൂരമായി മര്‍ദനമേറ്റത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. തന്റെ ചവിട്ടിയെന്നും അടിച്ചുവെന്നും വിസ്മയ ബന്ധുക്കള്‍ക്ക് അയച്ച ചാറ്റില്‍ പറയുന്നുണ്ട്.
‘പരീക്ഷയ്ക്ക് വിടുന്നില്ല, എനിക്കൊരു ആയിരം രൂപ വേണം’, മരിച്ച ദിവസം രാത്രിയില്‍ അമ്മയെ വിളിച്ച വിസ്മയ കരഞ്ഞു പറഞ്ഞിരുന്നുവെന്നും പണം അയച്ചുകൊടുക്കാമെന്ന് അമ്മ പറഞ്ഞെങ്കിലും പിന്നീട് കേട്ടത് വിസ്മയയുടെ മരണ വാര്‍ത്തയാണെന്നും സഹോദരന് വിജിത്ത് പറയുന്നു.
സ്ത്രീധനമായി നല്കിയ കാര്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞാണ് തന്നെ ഉപദ്രവിക്കുന്നതെന്ന് വിസ്മയ പറഞ്ഞിട്ടുണ്ട്. മുന്‍പൊരിക്കല്‍ കിരണ്‍ കാര്‍ വിസ്മയയുടെ വീട്ടില്‍ കൊണ്ടുവരികയും അവിടെ വച്ച് യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ചോദിക്കാന്‍ ചെന്നപ്പോള്‍ തന്നെയും തല്ലിയെന്ന് സഹോദരന് പറയുന്നു.
ഈ സംഭവം പിന്നീട് പൊലീസ് കേസായി. ‘സ്ഥലത്തെത്തിയ എസ്ഐയെയും തല്ലാന്‍ പോയി. അദ്ദേഹത്തിന്റെ ഷര്‍ട്ട് ഇവന് വലിച്ചുപൊട്ടിച്ചു’, വിജിത് പറഞ്ഞു. കിരണിന്റെ മെഡിക്കല്‍ ചെക്കപ്പില്‍ അന്ന് മദ്യപിച്ചിരുന്നതായി വ്യക്തമായെന്നും സ്റ്റേഷനിലെത്തിയപ്പോള്‍ മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഇടപെട്ട് സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും വിജിത് പറഞ്ഞു.
‘പെങ്ങളുടെ ഭാവിയാണ് ഇനി ഇങ്ങനെയൊന്നും ആവര്‍ത്തിക്കില്ല എന്ന് എഴുതി തന്നു. അതില്‍ ഞാനും ഒപ്പിട്ടു. ആ ഒപ്പിന്റെ വിലയാണ് എന്റെ പെങ്ങളുടെ മൃതദേഹം വീടിന് മുന്നിലെത്തിച്ചത്’, അദ്ദേഹം പറഞ്ഞു.