തിരുവനന്തപുരം: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് കാരണം വലിയ രീതിയിലുള്ള തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. അതില്‍ തന്നെ അംഗപരിമിതി മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു വിഭാഗം ആളുകള്‍ മുന്നോട്ടുള്ള വഴിമുട്ടി വീടുകളില്‍ കഴിയുന്നുണ്ട്.
ഇനിയെന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ ആശങ്കയിലായിരിക്കുകയാണിവര്. താനടങ്ങുന്ന അത്തരക്കാര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് നിവേദനം കൈമാറാനാണ് ഷാനവാസ് പഴകുളം മെഡിക്കല്‍ കോളേജിലെത്തിയത്. ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്നുണ്ടെന്ന് അറിഞ്ഞ് മന്ത്രിക്ക് നിവേദനം കൈമാറാനായിരുന്നു ഷാനവാസ് വന്നത്.
മന്ത്രിയുടെ തിരക്കൊഴിയുന്നവരെ കാത്തുനില്ക്കാമെന്നോര്ത്ത് മെഡിക്കല്‍ കോളേജ് പരിസരത്ത് മാറി നിന്നു. വികലാംഗനായ ഷാനവാസ് വീര്‍ചെയറിലാണ് മന്ത്രിയെ കാണാന്‍ എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കടുത്തേയ്ക്ക് നീങ്ങിയ മന്ത്രി വീല്‍ചെയറിലിരിക്കുന്ന ഷാനവാസിനെ കണ്ടതും അദ്ദേഹത്തിനടുത്തെത്തി.
വിവരം ചോദിച്ചറിഞ്ഞു. തുടര്‍ന്ന് മന്ത്രിയെ ആവശ്യമറിയിച്ച ഷാനവാസ് നിരവധി വികലാംഗര്‍ തൊഴിലില്ലാതെ വീട്ടില്‍ കഴിയുന്നുവെന്നും അവര്‍ക്കുവേണ്ടിയാണ് നിവേദനമെന്നും വ്യക്തമാക്കി. ഷാനവാസിന്റെ നിവേദനം സ്വീകരിച്ച വീണാ ജോര്‍ജ് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയാണ് മടങ്ങിയത്.