ആലപ്പുഴ; ലോക്ഡൗണ്‍ പ്രതിസന്ധിക്കിടെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ സൈക്കിള്‍ ചവിട്ടി നോവലിസ്റ്റ് ഉണ്ണി ജോസഫ്. ദിവസവും 120 കിലോമീറ്ററോളമാണ് ഉണ്ണി സൈക്കിള്‍ ചവിട്ടിയത്. കൊച്ചിയില്‍ സെക്യൂരിറ്റി ജോലിയാണ് ഉണ്ണിക്ക്. പാതിരപ്പള്ളി അരശര്‍കടവില്‍ പരേതനായ എ.എന്‍.ജോണിന്റെ മകനായ ഉണ്ണി ജോസഫ് തുമ്പോളിയിലെ വാടകവീട്ടില്‍ നിന്നാണു കൊച്ചിയിലെത്തുന്നത്.
ഇരുപതോളം നോവലുകളാണ് ഉണ്ണി രചിച്ചിട്ടുള്ളത്. ജോലിക്കു പോകാനുള്ള കഷ്ടപ്പാടറിഞ്ഞ അകന്ന ബന്ധുവാണു സൈക്കിള്‍ കടം നല്‍കിയത്. പുലര്‍ച്ചെ 5നു തുമ്പോളിയില്നിന്നു യാത്ര തുടങ്ങുന്ന ഉണ്ണി, പട്ടണക്കാട് ചായക്കടയിലിറങ്ങി ചായകുടിച്ച് 10 മിനിറ്റ് വിശ്രമിക്കും. ശേഷം, കൊച്ചിയിലേയ്ക്ക് തിരിക്കും.
രണ്ടര മണിക്കൂറോളം നീളുന്ന യാത്ര പതിവായതോടെ, ആദ്യത്തെ പ്രയാസമില്ലെന്ന് ഉണ്ണി പറയുന്നു. രാവിലെ 8നു ജോലിക്കു കയറണം. രാത്രി 8നു തിരികെ വീട്ടിലേക്ക്. ബസ് യാത്രയ്ക്കു പ്രതിമാസം വലിയ തുക വേണ്ടിവരുമെന്നതിനാല്‍ ലോക്ഡൗണ്‍ മാറിയാലും യാത്ര സൈക്കിളില്ത്തന്നെയാകുമെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു. മക്കളായ ജോണ്‍ ജോസഫും റോജന്‍ ജോസഫും വിദ്യാര്‍ഥികള്‍. ഭാര്യ: സിന്ധു.