ആലപ്പുഴ: ബി.ജെ.പി. പ്രവര്‍ത്തകര്‍ മരംമുറി സംഭവത്തില്‍ നടത്തിയ പ്രതിഷേധത്തിനിടെ, പ്രവര്‍ത്തകരില്‍ ഒരാള്‍ പെട്രോള്‍ വിലവര്‍ധനവിനെതിരായ ഡിവൈഎഫ്ഐ പ്ലക്കാര്‍ഡ് ഉയര്‍ത്തിയ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ബിജെപിക്ക് എതിരെ വലിയ പരിഹാസം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.
ഇതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ മന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി പ്രതികരണവുമായി രംഗത്ത് വന്നത്. ‘പെട്രോള്‍ വില സെഞ്ചുറിയടച്ചു, പ്രതിഷേധിക്കുക’ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയ കുട്ടിയെ ട്രോളുന്നതില്‍ അര്‍ത്ഥമില്ല; ബി.ജെ.പിക്കാരുടെ ഉള്ളിലെ പ്രതിഷേധമാണ് ഉയര്‍ത്തിയതെന്ന് ഐസക് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിനുശേഷം ഇതും കിടക്കട്ടെ…
ആറ്റിങ്ങലില്‍ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയില്‍ ഡിവൈഎഫ്ഐയുടെ പ്ലക്കാര്‍ഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാന്‍ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്ഐയുടെ ഒരു പ്ലക്കാര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കില്ല എന്നത് നൂറു തരം. പക്ഷേ, ഇവിടെ പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെയാണ് പ്ലക്കാര്‍ഡ്. ഈ പ്ലക്കാര്‍ഡ് പിടിച്ച പെണ്‍കുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പെട്രോള്‍ വില ഇങ്ങനെ കുതിച്ചുയരുന്നതില്‍ ആ പ്രവര്‍ത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.
ആ കുട്ടിയെ ട്രോളുന്നതില്‍ അര്‍ത്ഥമില്ല. പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.
ഇത് അല്ലെങ്കില്‍ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?