കോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് ആസാമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അഭിജിത്തിനെ ആണ് ബസിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ഇരുപത്തിയാറ് വയസ്സായിരുന്നു.
ഇതരസംസ്ഥാനതൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്. മേപ്പയ്യൂര്‍ നരക്കോട് മഠത്തില്‍ കുളങ്ങരമീത്തല്‍ പരേതനായ ബാലകൃഷ്ണന്റെയും ഗീതയുടെയും മകനാണ്. ഏപ്രില്‍ ഏഴിന് പെരുമ്പാവൂരില്‍നിന്നാണ് ബസ് ആസാമിലേക്ക് പുറപ്പെട്ടത്.
കോവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ഡൗണിനെത്തുടര്‍ന്നാണ് ബസുകളുടെ യാത്ര മുടങ്ങി. നഗോണ്‍ എന്ന സ്ഥലത്താണ് അഭിജിത്തിന്റെ ബസ് കുടുങ്ങിക്കിടന്നത്. കേരളത്തില്‍നിന്നുള്ള ഒട്ടേറെ ബസുകളാണ് ഒന്നരമാസമായി ആസാമില്‍ കുടുങ്ങിക്കിടക്കുന്നത്.