കൊച്ചി: ഭഗവാന് രാമന്റെ പേരില്‍പ്പോലും സാമ്പത്തികത്തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താന്‍ മടിയില്ലാത്തവര്‍ക്ക് കൊടകര കുഴല്‍പ്പണക്കേസൊക്കെ എന്ത് എന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എംഎല്‍എ വിടി ബല്‍റാം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
അയോധ്യയില്‍ 5.8 കോടിയോളം വിലവരുന്ന ഭൂമി 2 കോടി രൂപക്ക് റിയല്എസ്റ്റേസ് എജന്റുമാര്‍ വാങ്ങുകയും അവരില്‍ നിന്നും രാമജന്മഭൂമി ട്രസ്റ്റ് ഭൂമി 18.5 കോടിക്ക് മറിച്ച് വാങ്ങുകയും ചെയ്ത സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു വിടി ബല്‍റാമിന്റെ കുറിപ്പ്.
രണ്ടിലും ഒരേ ഇടപാടുകാരെ വെച്ച് തന്നെയായിരുന്നു ഭൂമി വാങ്ങിയത്. ഇതെല്ലാം നടന്നത് വിശ്വഹിന്ദു പരിഷത്തിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ചമ്പത്ത് റായിയുടെ കാര്മ്മികത്വത്തിലായിരുന്നുവെന്നും വിടി ബല്‍റാം കുറിപ്പിലൂടെ ഓര്‍മ്മിപ്പിക്കുന്നു
വിടി ബല്‍റാമിന്റെ പ്രതികരണം-
അയോധ്യയില്‍ 5.8 കോടിയോളം ന്യായവില വരുന്ന സുമാര്‍ 3 എക്കര്‍ സ്ഥലം ഒരു ദിവസം വൈകീട്ട് 7.10 ന് സ്ഥലമുടമകളില്‍ നിന്ന് വെറും 2 കോടി രൂപക്ക് ചില റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വാങ്ങുന്നു. വെറും 5 മിനിറ്റിനുള്ളില്‍, അതായത് 7.15 ന് ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയല്‍ എസ്റ്റേറ്റുകാര്‍ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വില്‍ക്കുന്നു. ഉടന്‍ തന്നെ 17 കോടി രൂപ rtgs വഴി കൈപ്പറ്റുന്നു.
രണ്ട് ഇടപാടിനും സാക്ഷികള്‍ ഒരേ ആള്ക്കാര് തന്നെ. രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനില്‍ മിശ്രയും അയോധ്യയിലെ ബിജെപിക്കാരനായ മേയര്‍ റിഷികേശ് ഉപാധ്യായയും. ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ചമ്പത് റായിയുടെ കാര്‍മ്മികത്ത്വത്തിലാണ് മൊത്തം ഡീലുകള്‍. ഭഗവാന് രാമന്റെ പേരില്‍പ്പോലും സാമ്പത്തികത്തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താന്‍ മടിയില്ലാത്തവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത്!