കാഞ്ഞാണി: വയോധികന്റെ മൃതദേഹം കൊണ്ടുപോയത് കമ്പി വേലികള്‍ക്കിടയിലൂടെ. സ്വകാര്യവ്യക്തി കമ്പിവേലി കെട്ടി വഴിയടച്ചതോടെയാണ് വയോധികെന്റ മൃതദേഹം അതിസാഹസികമായി കൊണ്ടുപോകേണ്ടി വന്നത്. മണലൂര്‍ പഞ്ചായത്തിലെ കാരമുക്ക് ചാത്തന്‍കുളങ്ങര നാരാണത്ത് മാധവന്റെ (70) മൃതദേഹം കൊണ്ടുപോകാനാണ് ഏെറ കഷ്ടപ്പെടേണ്ടി വന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് മാധവന് മരിച്ചത്. ഇദ്ദേഹത്തിന്റെ പുരയിടത്തിലേക്ക് ഒരാള്‍ക്ക് സൈക്കിളില്‍ പോകാന്‍ കഴിയുന്ന വിധത്തില്‍ വഴിയുണ്ടായിരുന്നു. വര്‍ഷങ്ങളായി ഈ വഴിയിലൂടെയാണ് വീട്ടുകാര്‍ പോയിരുന്നത്. എന്നാല്‍ അടുത്തിടെ സ്ഥലം വാങ്ങിയ വ്യക്തി അതിര്‍ത്തിയില്‍ കമ്പിവേലിയിട്ടു.
ഇതോടെ കാല്‍നടയാത്രയും ദുഃസ്സഹമായി. മാധവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നതും കമ്പിവേലി താണ്ടിയാണ്. സംസ്കാരത്തിനായി വെങ്കിടങ്ങ് ശ്മശാനത്തിലേക്ക് കമ്പിവേലിക്ക് മുകളിലൂടെ 15 ഓളം പേരുടെ സഹായത്തോടെയാണ് കൊണ്ടുപോയത്. മാധവെന്റ മക്കള്‍: ബൈജു, രമണി. മരുമക്കള്‍: സുലഭ, കൃഷ്ണകുമാര്‍.