ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ പല ഭാഗങ്ങളില്‍ നിന്നും കണ്ണിനെ ഈറനണിയിക്കുന്ന വാര്‍ത്തകളാണ് നിറയുന്നത്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായി മനസിനെ തണുപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. ഒരു കുടുംബത്തിന്റെ ജീവന് രക്ഷിച്ച് തിളങ്ങുകയാണ് വളര്‍ത്തുനായ. കുത്തി ഒഴുകി വന്ന ഉരുള്‍പ്പൊട്ടല്‍ ശ്രദ്ധയില്‍പ്പെട്ട നായ അസാധാരണമായി കുരച്ച് ഉറങ്ങിക്കിടന്ന വീട്ടുകാരെ ഉണര്‍ത്തുകയാണ് ചെയ്തത്. വീട്ടില്‍ കള്ളന് കയറിയെന്ന ധാരണയില്‍ കുടുംബം വീടിന് പുറത്തിറങ്ങിയ നിമിഷം ഇടി മുഴക്കത്തിന്റെ ശബ്ദത്തില്‍ വീട് നിലംപൊത്തുകയായിരുന്നു.
ഇടുക്കിയിലെ കഞ്ഞിക്കുഴി വില്ലേജിലുള്ള മോഹനന് പി എന്നയാളെയും കുടുംബത്തെയുമാണ് ഇവരുടെ വളര്‍ത്തുനായ മരണമുഖത്ത് നിന്നും കരകയറ്റിയത്. മോഹനന്റെ വീടിരിക്കുന്ന പ്രദേശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പുലര്‍ച്ചെ 3 മണിക്ക് നായ റോക്കി കുരയ്ക്കുന്ന ശബ്ദം കേട്ട് മോഹനന് ഉണര്‍ന്നു. എന്നാല്‍ മിക്കദിവസങ്ങളിലും ഈ സമയം നായ കുരയ്ക്കുന്നതിനാല്‍ മോഹനന് ഇത് കാര്യമാക്കി എടുത്തില്ല.
എന്നാല്‍ റോക്കിയുടെ കുരയുടെ ശബ്ദം കൂടുകയും ഓരിയിടാന്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്നാണ് എന്തോ സംഭവിച്ചുവെന്ന് തങ്ങള്‍ക്ക് മനസിലായതെന്ന് മോഹനന് പറയുന്നു. ശബ്ദം കൂടി വന്നതോടെ മോഹനനും കുടുംബവും പുറത്തിറങ്ങി നായയ്ക്ക് എന്ത് സംഭവിച്ചുവെന്ന് നോക്കി. ഈ സമയം വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മോഹനനും കുടുംബവും ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. കിടപ്പാടം നഷ്ടപ്പെട്ടെങ്കിലും ജീവന് തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് മോഹനനും കുടുംബവും.