ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയ അഞ്ചാം ക്ലാസുകാരിയെ തേടി മറുപടിയെത്തി. കോവിഡ് കാലത്തെ കോടതി ഇടപെടലുകളില്‍ നന്ദിയും അഭിമാനവും അറിയിച്ചുകൊണ്ടാണ് തൃശൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ലിഡ്വിന ജോസഫ് കത്തെഴുതിയത്. ലിഡ്വിനയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ മറുപടി.
സ്വന്തമായി എഴുതിയ കത്തും സ്വയം വരച്ച ചിത്രവുമാണ് ലിഡ്വിന അയച്ചു നല്‍കിയത്. പിന്നാലെ, വരയും വാക്കുകളും ഹൃദയത്തില്‍ തൊട്ടെന്നു ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ മറുപടിയെത്തി. ഇന്ത്യന്‍ ഭരണഘടനയുടെ താന്‍ ഒപ്പുവച്ച കോപ്പിയും ജസ്റ്റിസ് രമണ ലിഡ്വിനയ്ക്കു സമ്മാനമായി അയച്ചു.
‘കോടതിയുടെ ഇടപെടലിനെക്കുറിച്ചും അറിഞ്ഞു. ഓക്സിജന്‍ ലഭ്യതയ്ക്ക് ഉത്തരവിട്ട് ഒരുപാട് പേരുടെ ജീവന് രക്ഷപ്പെടുത്തിയതില്‍ സന്തോഷവും അഭിമാനവും തോന്നി. ഈ നടപടികള്‍ വഴി രാജ്യത്തു മൊത്തത്തിലും ഡല്‍ഹിയില്‍ വിശേഷിച്ചും മരണനിരക്ക് കുറച്ചഞ്ഞതായും മനസ്സിലാക്കി. ഇതിനു നന്ദി അറിയിക്കുന്നു. അഭിമാനം, സന്തോഷം’- ലിഡ്വിന സ്വന്തം കൈപ്പടയിലെഴുതി.
ഒപ്പം, കോടതിമുറിയില്‍ വൈറസിനെ അടിച്ചൊതുക്കുന്ന ജഡ്ജിയുടെ വര്‍ണചിത്രവും ലിഡ്വിന വരച്ചു. അപ്രതീക്ഷിതമായി കത്തും ചിത്രവും കിട്ടിയ സന്തോഷത്തില്‍ ചീഫ് ജസ്റ്റിസ് മറുപടിയെഴുതി. ‘ലിഡ്വിന രാജ്യത്തു നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്ന രീതിയും മനുഷ്യജീവന്റെ കാര്യത്തില്‍ കാട്ടിയ ആശങ്കയും ഒരുപാട് ആകര്‍ഷിച്ചു.
രാജ്യനിര്‍മാണത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്കുന്ന ഒരാളായി ലിഡ്വിന വളരുമെന്നതില്‍ സംശയമില്ല. സര്‍വവിധ വിജയത്തിനും ആശംസകള്‍’- എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും ഇപ്പോള്‍ തൃശൂര്‍ സെന്‍ട്രല്‍ പോസ്റ്റ് ഓഫിസില്‍ ജീവനക്കാരനുമായ ജോസഫ് കെ.ഫ്രാന്‍സിസിന്റെയും സേക്രഡ് ഹാര്‍ട്ട് എല്‍പി സ്കൂളില്‍ അധ്യാപികയായ ബില്‍സിയുടെയും മകള്‍ ആണ് ലിഡ്വിന. സഹോദരങ്ങള്‍: ഇസബെല്‍, കാതറിന്.