തിരുവനന്തപുരം: കനത്ത മഴയും ഉരുള്‍പ്പൊട്ടലിലും ആയി വന്‍ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഡാമുകളെല്ലാം നിറഞ്ഞതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. ഇതോടെ ഇടുക്കി ഡാം ഉള്‍പ്പടെ 23ഓളം ഡാമുകള്‍ സംസ്ഥാനത്ത് തുറന്നു. എല്ലാം തുറന്നതോടെ സംസ്ഥാനം പ്രളയകെടുതിയിലായി. നിരവധി റോഡുകളും വീടുകളും തകര്‍ന്നു.
ഈ കെടുതിയില്‍ നിന്നും കരകയറാനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാരും കേരളവും. പ്രളയകെടുതിയിലേയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാമെന്ന് അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം തീരുമാനം അറിയിച്ചത്. അതോടൊപ്പം പ്രളയകെടുതിയിലേയ്ക്ക് സംഭാവന നല്‍കരുതെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണം ജനം തള്ളിക്കളയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നും സാഹയങ്ങള്‍ എത്തിയിരുന്നു. കര്‍ണാടക സര്‍ക്കാര്‍ 10 കോടിയും, തമിഴ്നാട് സര്‍ക്കാര്‍ 5 കോടിയും ആണ് സംഭാവന ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായി ഒരു ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിലെ താരങ്ങളായ സൂര്യയും സഹോദരന് കാര്‍ത്തിയും കൂടി 25 ലക്ഷവും കമല്ഹാസന് 25 ലക്ഷവും വിജയ് ടിവി 25 ലക്ഷവുമാണ് സംഭാവന ചെയ്തത്. ഇതോടൊപ്പം വിവിധ വ്യവസായികളും സംഭാവന നല്‍കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി ഒരു മാസത്തെ ശമ്പളം ഞാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കരുത് എന്ന സോഷ്യല്‍ മീഡിയ കാമ്പയിന് നിങ്ങള്‍ തള്ളിക്കളയണം. മഹാദുരന്തത്തില്‍ നിന്നും കരകയറാന്‍ നിങ്ങള്‍ ഓരോരുത്തരുടെയും ഒരു കൈ സഹായം കേരളത്തിന് ആവശ്യമുണ്ട്.