ഇരിങ്ങാലക്കുട: കോവിഡ് കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മദ്യപാനികള്‍ക്ക് തിരിച്ചടിയായിരുന്നു. എങ്ങും മദ്യം കിട്ടാതെ വന്നതോടെ മദ്യാസക്തിയില്‍ പലരും സാനിറ്റൈസര്‍ വരെ കുടിച്ചു. എന്നാല്‍ മറ്റുപലര്‍ക്കും മദ്യപാനം പൂര്‍ണമായി നിര്‍ത്താനുള്ള അവസരമാണ് ലോക്ക്ഡൗണ്‍ സമ്മാനിച്ചത്.
ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി ദേവസിക്കുട്ടിക്ക് ലോക്കഡൗണ്‍ സമ്മാനിച്ചത് പുതിയ ജീവിതമായിരുന്നു. വര്‍ഷങ്ങളായി സ്ഥിരം മദ്യപാനിയായിരുന്ന ദേവസ്സിക്കുട്ടി ലോക്ഡൗണില്‍ മദ്യം കിട്ടാതായതിനെ തുടര്‍ന്ന് ഇനി മദ്യം കഴിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
പിന്നെ ആ തീരുമാനത്തിന് സഹായിച്ച സര്‍ക്കാറിനെ തിരിച്ച് സഹായിക്കണമെന്ന ചിന്തയും മനസ്സില്‍ ഉദിച്ചു. എന്നും മദ്യപിക്കാന്‍ ചിലവഴിച്ചിരുന്ന പണം ലോക്ഡൗണ്‍ കാലയളവില്‍ ഒരു തുള്ളി കഴിക്കാതെ സ്വരുക്കൂട്ടി വെച്ചു. 11,111 രൂപ തികഞ്ഞപ്പോള്‍ അത് സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടെ സാന്നിധ്യത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ചെക്ക് ഏറ്റുവാങ്ങി.