തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 9 വരെയാണ് നിലവില്‍ നിയന്ത്രണങ്ങള്‍. അതേസമയം, ലോക്ക്ഡൗണ്‍ വീണ്ടും തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗമായിരിക്കും ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കടക്കം പരിശോധിച്ചശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ടിപിആര്‍ 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം. രോഗലക്ഷണമുള്ളവര്‍ മാത്രം പരിശോധനയ്ക്കു വരുന്നതു മൂലമാണ് ടിപിആര്‍ കൂടുന്നത് എന്നതിനാല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്.
രണ്ടാം തരംഗത്തില്‍ 30ലേക്കുയര്‍ന്ന ടിപിആര്‍ നിരക്ക് ഇപ്പോള്‍ 15ല്‍ താഴെ എത്തിയത് സംസ്ഥാനത്തിന് ആശ്വാസമാണ്. എന്നാല്‍ 15ല്‍ താഴേക്ക് ടിപിആര്‍ കാര്യമായി കുറയാത്തതു മൂലം ബുധനാഴ്ച വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.