തിരുവനന്തപുരം: ഇത്തവണത്തെ ബജറ്റ് ആരോഗ്യ മേഖലയ്ക്ക് പ്രധാന്യം നല്‍കിക്കൊണ്ടാണ് തയ്യാറാക്കിയതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ആരോഗ്യമാണ് ഏറ്റവും പ്രധാനം. അതിന്റെ ഭാഗമായി ഭക്ഷണം വേണം. ഇതു രണ്ടും ഉണ്ടായിക്കഴിഞ്ഞാല്‍ സാമ്പത്തിക രംഗം ഉണരുമെന്ന് ധനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലെ പദ്ധതികള്‍ ഒഴിവാക്കിയിട്ടില്ലെന്നും അതിന്റെ കൂടെ നിലവിലെ സാമ്പത്തിക പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു. നിയമസഭായില്‍ ബജറ്റ് അവതരിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏറ്റവുമാദ്യം വാക്സിന് കൊടുത്ത് അമേരിക്കയിലും യൂറോപ്പിലുമൊക്കെ അവരുടെ സാമ്പത്തിക രംഗം തുറന്നു. വാക്സിന് പരമാവധി ആളുകള്‍ക്ക് എത്തിക്കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലേക്ക് ആളുകള്‍ എത്താന്‍ ഭയക്കേണ്ട. കേരളത്തില്‍ പോയാലും അസുഖം ഉണ്ടാവില്ല എന്ന വിശ്വാസം ആളുകളില്‍ വരും. ടൂറിസം സജീവമാവുമെന്നും ധനമന്ത്രി പറഞ്ഞു.
ഒപ്പം സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പുതിയതായി നികുതികള്‍ ഒന്നും ഏര്‍പ്പെടുത്തുന്നില്ലെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ‘ടാക്സ് ഇപ്പോള്‍ ഏര്‍പ്പെടുത്തുന്നില്ല. ടാക്സ് ഏര്‍പ്പെടുത്തുമെന്നാണ് എല്ലാവരും കരുതിയത്. ടാക്സ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ട്.
കാരണം സാമ്പത്തിക പ്രശ്നം ഉണ്ട്. പക്ഷെ കട കമ്പോളങ്ങളൊന്നും തുറക്കാതിരിക്കുന്ന ചെയ്ത് സാഹചര്യത്തില്‍ നിലവില്‍ ടാക്സ് ഏര്‍പ്പെടുത്തുന്നില്ല. പക്ഷെ ടാക്സ് ഏര്‍പ്പെടുത്തേണ്ടത് വളരെ ആവശ്യമാണ്. ഭാവിയില്‍ അക്കാര്യം പഠിച്ച ശേഷം ഏര്‍പ്പെടുത്തും,’ കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.