തിരുവനന്തപുരം: കുഴല്‍പ്പണവിവാദങ്ങള്‍ ബിജെപിയെ മുമ്പെങ്ങുമില്ലാത്തവിധം നാണക്കേടിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുത്ത് കെ. സുരേന്ദ്രന് പ്രസിഡന്റ് സ്ഥാനം രാജിവക്കണമെന്ന ആവശ്യം സംസ്ഥാന ബി.ജെ.പിയില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
തോല്‍വി, കുഴല്‍പ്പണ വിവാദങ്ങളില്‍ സംസ്ഥാന നേതൃത്വംതന്നെ മറുപടി പറയെട്ടയെന്നും ആവശ്യമില്ലാതെ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് വിമത വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി നേരിട്ട കനത്ത തിരിച്ചടിയില്‍ ആര്.എസ്.എസ് നേതൃത്വവും അതൃപ്തിയിലാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ചില സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയില്‍നിന്ന് ശ്രമമുണ്ടായെന്ന ആക്ഷേപവും ശക്തമാണ്. പാലക്കാട് ഇ. ശ്രീധരെന്റ പരാജയത്തിലേക്ക് നയിച്ചത് ഇത്തരം ഇടപെടലുകളാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ശ്രീധരന് 60,000 വോട്ട് ലഭിക്കേണ്ടതായിരുന്നെന്നും പാര്‍ട്ടിയിലെ ചിലരുടെ ഇടപെടലാണ് ആ വോട്ട് കുറയാന്‍ കാരണമെന്നുമാണ് ആക്ഷേപം. ഇതെല്ലാം വരുംദിവസങ്ങളില്‍ ബി.ജെ.പിയിലെ പ്രതിസന്ധി രൂക്ഷമാക്കും. ഫണ്ട് വിനിയോഗം ഉള്‍പ്പെടെ വിഷയങ്ങളിലേക്ക് ആര്.എസ്.എസിനെ വലിച്ചിഴക്കുന്നനിലയില് കാര്യങ്ങള്‍ മാറുന്നതിലും അവര്‍ക്ക് ആശങ്കയുണ്ട്.
ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള അതൃപ്തി ആര്.എസ്.എസ് ബി.ജെ.പി ദേശീയ നേതൃത്വത്തോട് അറിയിച്ചതായാണ് വിവരം. കെ. സുരേന്ദ്രന് നേതൃസ്ഥാനം ഒഴിയണമെന്ന നിലപാട് ആര്.എസ്.എസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. കുഴല്‍പ്പണക്കേസില്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ നേതാക്കളെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് കേരള പൊലീസ്. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുമെന്ന പ്രതീക്ഷയിലാണ് വിമതര്‍.
അതേസമയം, കെ. സുരേന്ദ്രനുമേല്‍ ആരോപണങ്ങള്‍ കെട്ടിവെക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് എതിര്‍പാര്‍ട്ടികള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അവര്‍ ആരോപിക്കുന്നു.