തിരുവനന്തപുരം: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വകയിരുത്തി. വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം ലാപ്ടോപ്പുകള് ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.
പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം നടപ്പിലാക്കും. വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യ ആരോഗ്യ സമിതി രൂപവത്കരിക്കും. അധ്യാപകര്‍ തന്നെ ക്ലാസ് എടുക്കും. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് സൃഷ്ടികള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.
കുട്ടികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിനു സംവിധാനം ഉണ്ടാക്കും. കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് 10 കോടി നീക്കിവെച്ചിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിന് കമ്മിഷന് രൂപീകരിക്കും. മൂന്ന് മാസത്തിനകം കമ്മിഷന് റിപ്പോര്‍ട്ട് നല്‍കണം. കേരളത്തിലെ കോവിഡ് സാഹചര്യം നേരിടാന്‍ 20000 കോടിയുടെ രണ്ടാം പാക്കേജ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.
ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ 2500 കോടി രൂപ നീക്കി വച്ചതിന് പിന്നാലെയാണ് രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചത്. സംസ്ഥാനം കോവിഡ് രണ്ടാം തരംഗത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് പ്രത്യേക പദ്ധതികള്‍ക്ക് മുന്‍ഗണന നല്കി കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.