കോട്ടയം: സ്വന്തം മകനെ പോലെ നോക്കി വളര്‍ത്തിയ പ്രിയപ്പെട്ട ഓമനച്ചേട്ടനെ അവസാനമായി ഒരു നോക്കുകാണാന്‍ പല്ലാട്ട് ബ്രഹ്മദത്തനെത്തി. ആനപ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനായ പാപ്പാന് കോട്ടയം കൂരോപ്പട കുന്നക്കാട്ടില്‍ ദാമോദരന്‍ നായര്‍ എന്ന ഓമനച്ചേട്ടന്(73) കാല്‍നൂറ്റാണ്ടോളമായി ബ്രഹ്മദത്തന്റെ നിഴല്‍ തന്നെയായിരുന്നു.
ഓമനച്ചേട്ടനെ യാത്രയയ്ക്കാനെത്തിയ ബ്രഹ്മദത്തന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. സംസ്ക്കാരത്തിനായി കിടത്തിയിരുന്ന ഓമനച്ചേട്ടന്റെ മൃതദേഹത്തെ തുമ്പിക്കൈ കൊണ്ട് വണങ്ങുന്ന ബ്രഹ്മദത്തന് കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു.
അത്രയും നേരം അവരുടെ ഉളളിലുണ്ടിയിരുന്ന സങ്കടം അടക്കാനാവാത്ത നിലവിളിയായി. ഓമനച്ചേട്ടന് പാപ്പാനായിട്ട് ആറു പതിറ്റാണ്ടായി. ഇതില്‍ ഇരുപത്തിനാല് വര്‍ഷത്തിലേറെ ബ്രഹ്മദത്തനൊപ്പം. നേരത്തെ പുതുപ്പള്ളി ബ്രഹ്മദത്തന് എന്നറിയപ്പെട്ടിരുന്ന ആന ഇപ്പോള്‍ പാലാ ഭരണങ്ങാനം അമ്പാറ പല്ലാട്ട് രാജേഷ് മനോജ് എന്നിവരുടെ ഉടമസ്ഥതയിലാണ്.
അവിടെ നിന്നാണ് ബ്രഹ്മദത്തന് കൂരോപ്പടയിലെത്തിയത്. ഇത്ര ഇണക്കമുള്ള ആനയും പാപ്പാനും വേറെയുണ്ടായിട്ടില്ലെന്ന് ആനപ്രേമികളുടെ പക്ഷം. പാപ്പാന്മാരുടെ കാരണവരായിരുന്നു ഓമനച്ചേട്ടന്. പ്രായം തളര്‍ത്താത്ത പോരാളിയെന്നാണ് അദ്ദേഹം ആനപ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. വാര്ദ്ധക്യമായിട്ടും അദ്ദേഹം ബ്രഹ്മദത്തനൊപ്പം നിന്നു.
ആശാന് എന്നു വിളിച്ചിരുന്ന ഓമനച്ചേട്ടന് അസുഖബാധിതനാകുന്നതുവരെയും അവന്റെ ഓരോ ചലനങ്ങള്‍ക്കുമൊപ്പമായിരുന്നു. ബ്രഹ്മദത്തനുമൊപ്പം ഒരിക്കലും മറക്കാനാകാത്ത ഓര്‍മകള്‍ മുമ്പ് ഓമനച്ചേട്ടന് പങ്കുവെച്ചിട്ടുണ്ട്. അതില്‍ പ്രധാനമാണ് 2003 മാര്‍ച്ച് 23ന് തൃശൂര്‍ തൃത്തല്ലൂര്‍ പൂരത്തിനിടെ ഉണ്ടായ സംഭവം.
അന്ന് ഗുരുവായൂര്‍ ജൂനിയര്‍ വിഷ്ണു എന്നറിയപ്പെടുന്ന ആന അദ്ദേഹത്തെ തട്ടിയിട്ടു. അത് കണ്ട് ബ്രഹ്മദത്തന് അവനെ കുത്തിമാറ്റി. ഇല്ലായിരുന്നെങ്കില്‍…. ഒരിക്കലും അത് മറക്കാനാകില്ലെന്ന് ഓമനച്ചേട്ടന് ഇടയ്ക്കിടെ പറയുമായിരുന്നു. ഇന്ന് അവസാനമായി ഓമനച്ചേട്ടനെ കാണാനെത്തിയ ബ്രഹ്മദത്തന് കാഴ്ചക്കാരുടെ കണ്ണുനനയിച്ചു.