അരീക്കോട്: വാഹനമിടിച്ച് ചത്ത തന്റെ കുഞ്ഞിന് കാവല്‍ നില്ക്കുന്ന അമ്മ നായയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുട്ടിയെ നഷ്ടപ്പെട്ട മാതൃത്വത്തിന്റെ എല്ലാ ദുഃഖവും പേറുന്ന ആ ചിത്രം ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു.
നായ്ക്കുട്ടിയെ വണ്ടി ഇടിപ്പിച്ച വ്യക്തിക്ക് എതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ ഭാഗത്ത് നിന്നുണ്ടായ കൈപ്പിഴവിന് പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് യുവാവ്. തന്റെ തെറ്റിന് പകരമായി വീടില്ലാത്ത നിര്‍ധന കുടുംബത്തിന് വീടുവെച്ച് നല്കാന് സന്നദ്ധത അറിയിച്ച് അദ്ദേഹം രംഗത്തുവന്നു. ഖാസിം എന്ന പ്രവാസി വ്യവസായിയാണ് തന്റെ തെറ്റിന് പകരമായി നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്കാന് സന്നദ്ധത അറിയിച്ചത്. അറിഞ്ഞു കൊണ്ടല്ല എന്നും ഡ്രൈവിങ്ങിനിടെ സംഭവിച്ച കൈപ്പിഴയായിരുന്നു ആ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു.
അരീക്കോട് ബസ് സ്റ്റാന്റിന് സമീപം കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. കഴിഞ്ഞ 27നാണ് ഖാസിം ഓടിച്ച വാഹനത്തിനടയില്‍പ്പെട്ട് തെരുവുനായക്കുട്ടി ചത്തത്. സംഭവം അറിയാതെ വാഹനയുടമ കാറോടിച്ച് പോയിരുന്നു. എന്നാല്‍ സംഭവം കണ്ട അരീക്കോട് പത്തനാപുരം സ്വദേശി അമല്‍ അബ്ദുള്ള ഫേസ്ബുക്കില്‍ ഈ സംഭവം ഫോട്ടോ സഹിതം എഴുതി. വാഹനത്തിന്റെ നമ്പറും പോസ്റ്റില്‍ എഴുതിയിരുന്നു.
ചത്തു കിടക്കുന്ന നായകുട്ടിയുടെ സമീപം അമ്മ പട്ടി കാവലിരിക്കുന്നതും കുഞ്ഞിനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതുമുള്‍പ്പെടെ കാര്യങ്ങള്‍ പോസ്റ്റില്‍ അമല്‍ എഴുതി. പോസ്റ്റ് വൈറലായതോടെ നായകള്‍ക്ക് ദിനംപ്രതി ഭക്ഷണം നല്കുന്ന നന്മ ചാരിറ്റിയുടെ പ്രവര്‍ത്തകര്‍ സംഭവത്തില്‍ പോലീസ് നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നു.ഇത് ഇന്‍സ്പെക്ടര്‍ ഉമേഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമയെ കണ്ടെത്തിയത്.
തുടര്‍ന്നാണ് ഖാസിം കാര്യങ്ങള്‍ വ്യക്തമാക്കിയത്. അറിയാതെ പറ്റിയ അപകടമാണെന്നും പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാണെന്നും ഖാസിം അരീക്കോട് നന്മ കൂട്ടായ്മ ഭാരവാഹികളെ അറിയിച്ചു.
ഇതില്‍ നിന്നാണ് നിര്‍ധന കുടുംബത്തിന് വീട് വെച്ച് നല്‍കാമെന്ന ആശയം ഉയര്‍ന്നത്.
തുടര്‍ന്ന് നന്മ പ്രവര്‍ത്തകരാണ് അരീക്കോട് പതിനഞ്ചാം വാര്‍ഡിലെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിക്കാമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. ഏകദേശം ആറര ലക്ഷം രൂപ വരും വീടുനിര്‍മ്മാണത്തിന്.
അരീക്കോട് ജനമൈത്രി പോലീസും നന്മ കൂട്ടായമയും സംയുക്തമായി വീട് നിര്‍മ്മാണത്തിന് സഹായിക്കും. ഷെഡിലാണ് ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്.