കൊച്ചി: കേരളത്തിന്റെ പ്രളയകെടുതിയിലേയ്ക്ക് താരസംഘടനയായ എഎംഎംഎ നല്കിയ സംഭാവനയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. സംസ്ഥാനത്ത് മഴ കനത്തതോടെ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. മഴ ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ മുഴുവന്‍ ഡാമുകള്‍ നിറയുന്ന സാഹചര്യം വന്നെത്തി. അതിനു മുന്‍പു തന്നെ കോഴിക്കോട് മലപ്പുറം ഇടുക്കി പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടലും, വെള്ളപ്പൊക്ക ഭീഷണിയും നിലനിന്നിരുന്നു. അതോടൊപ്പം നിറഞ്ഞ ഡാമുകള്‍ തുറക്കണമെന്ന സ്ഥിതിയിലായി. ഇതോടെ 22 ഡാമുകളും തുറന്നു. ഇതോടെ സംസ്ഥാനം പ്രളയകെടുതിയിലാവുകയായിരുന്നു.
വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിന് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമാണ് സഹായമെത്തുന്നത്. തമിഴ്നാട് സര്‍ക്കാര്‍ 5 കോടിയും കര്‍ണാടക സര്‍ക്കാര്‍ 10 കോടിയുമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തത്. ഇതിനു പിന്നാലെ തമിഴ്നാട്ടിലെ താരങ്ങളായ സൂര്യയും സഹോദരന് കാര്‍ത്തിയും 25 ലക്ഷവും നല്കി. കമല്ഹാസന് 25 ലക്ഷവും വിജയ് ടിവി 25 ലക്ഷവും സംഭാവന ചെയ്തു. കേരളത്തിന്റെ ദുരിതാവസ്ഥ കണ്ട് ഇത്രയും അധികം അന്യ സംസ്ഥാനത്തിന് നല്കാന് കഴിഞ്ഞു, എന്നിട്ടും കോടികള്‍ വാങ്ങുന്ന മലയാളത്തിലെ താരങ്ങളുടെ മൗനത്തിനെയാണ് സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നത്. ദുരിതം കേരളത്തിലായിട്ടും മലയാള ചലച്ചിത്ര രംഗത്തു നിന്നുള്ള സംഭാവനയെ സോഷ്യല്‍മീഡിയ പരിഹസിച്ചു.
കോടികള്‍ പ്രതിഫലം വാങ്ങുന്നവരടക്കം സംഘടനയില്‍ ഉണ്ടായിട്ടും 10 ലക്ഷം രൂപമാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ അമ്മയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തമനിഴ് നടന്മാര് ഇത്രയും തുക സംഭാവന നല്കുമ്പോള് അമ്മയുടെ നടപടി തീരെ അംഗീകരിക്കാനാവില്ലെന്നാണ് പലരുടെയും അഭിപ്രായം. മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് പൊങ്കാലയെത്തുന്നത്.
വിവിധയിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു.. എന്നാല്‍ സഹായധനങ്ങള്‍ ഇരുവരും പ്രഖ്യാപിച്ചിരുന്നില്ല. ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കാശ് മുടക്കാന്‍ ഇവര്‍ക്ക് മടിയാണെന്നും വാചകമടിക്ക് യാതൊരു കുറവുമില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍. ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നാണു മഞ്ജു വാരിയര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ‘ഡൂ ഫോര്‍ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ത്ഥന. ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിംഗല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങള്‍ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരുന്നു.