തിരുവനന്തപുരം: കേരളത്തിന്റെ പ്രളയക്കെടുതിയിലേയ്ക്ക് കൈകോര്‍ത്ത് കെഎസ്ആര്‍ടിസിയും രംഗത്ത്. സംസ്ഥാനം ഏറ്റവും വലിയ കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ പ്രളയ ബാധിതര്‍ക്കാണ് കൈതാങ്ങുമായാണ് ആനവണ്ടിയുടെ വരവ്.
സന്നദ്ധ സംഘടനകളും മറ്റു സ്ഥാപനങ്ങളും വ്യക്തികളും ശേഖരിച്ചു നല്കുന്ന വസ്ത്രങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍ തുടങ്ങിയ സാമഗ്രികള്‍ പ്രസ്തുത സംഘടനകളോ സ്ഥാപനങ്ങളോ വ്യക്തികളോ അവരവരുടെ പ്രദേശത്തെ ഏറ്റവും അടുത്തുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഏല്‍പ്പിച്ചാല്‍ ആ സാധനങ്ങള്‍ കെഎസ്ആര്‍ടിസി സൗജന്യമായി ലക്ഷ്യ സ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുമെന്ന് കെഎസ്ആര്‍ടിസി സിഎംടി ടോമിന് ജെ തച്ചങ്കരി അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരുന്ന മൂന്ന് ദിനങ്ങളില്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് 436 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. ഇതില്‍ ഏകദേശം 12,240 കുടുബങ്ങളിലെ 53,501 പേരാണ് കഴിയുന്നത്. പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. വീണ്ടും കനത്ത മഴയ്ക്ക സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.