തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെയായി നീട്ടിയിരിക്കുകയാണ്. നിയന്ത്രണങ്ങളില്‍ ഇളവുകളോടെയാണ് ഇത്തവണ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. നാളെ മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചതിനാല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇനി ഒരേ ലോക്ഡൗണ്‍ ചട്ടങ്ങളായിരിക്കും.
കശുവണ്ടി, കയര്‍, പേപ്പര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്കും നിര്‍മ്മാണ യൂണിറ്റുകള്‍ക്കും ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ (പാക്കിംഗ് മെറ്റീരിയല്‍സ് ) വില്പനശാലകള്ക്കും സംരംഭങ്ങള്‍ക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ കുറഞ്ഞ ജീവനക്കാരെ വച്ച് അഞ്ച് മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
വ്യവസായിക കേന്ദ്രങ്ങളില്‍ അവശ്യമെങ്കില്‍ മാത്രം കെഎസ്ആര്‍ടിസിക്ക് സര്‍വീസ് നടത്താം. കുറച്ച് സര്‍വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക. ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ചു മണി വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ 1, 3,5,8 തീയതികളില്‍ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
വസ്ത്രാലയങ്ങള്‍, ചെരുപ്പു വില്പനശാലകള്, ആഭരണ ശാലകള്‍ എന്നിവക്കെല്ലാം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് ഒന്‍പതു മുതല്‍ അഞ്ച് മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. വിവാഹങ്ങള്‍ നടത്തുന്നവര്‍ക്കുള്ള സൗകര്യത്തിനു വേണ്ടിയാണിത്.
വിദ്യാര്‍ത്ഥികളുടെ പഠനോപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കുറഞ്ഞ ജീവനക്കാരെ വച്ച് ഒന്‍പതു മുതല്‍ അഞ്ചു വരെ തുറന്നു പ്രവര്‍ത്തിക്കാം. പാഴ്സല്‍ രൂപത്തില്‍ കള്ള് വില്പന ശാലകളില്‍ നിന്നുള്ള കള്ള്വി ല്പന അനുവദിക്കും. ദേശീയ സമ്പാദ്യ പദ്ധതിയുടെ കളക്ഷന്‍ ഏജന്റുമാര്‍ക്ക് തിങ്കളാഴ്ച ദിവസങ്ങളില്‍ ഇതിനായുള്ള യാത്ര അനുവദിക്കും. പുതിയതായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നവര്‍ക്കും യാത്ര അനുവദിക്കും.