ചേര്‍ത്തല: മൂന്നുകുരുന്നുകളെ പ്രതീക്ഷിച്ച ദമ്പതികള്‍ക്ക് നാല് മക്കളെയാണ് ദൈവം നല്‍കിയത്. പ്രസവശസ്ത്രക്രിയ തുടങ്ങുംമുന്പ് വരെ തങ്ങള്‍ക്ക് 3 കുട്ടികളെന്നാണ് ശശികുമാറും അജിതയും ഉറപ്പിച്ചത്. പ്രസവശസ്ത്രക്രിയയ്ക്കു ശേഷം തുന്നിക്കെട്ടാന്‍ തുടങ്ങുമ്പോഴാണ് നാലാമത്തെ കുട്ടി ഡോക്ടര്‍മാരുടെ കണ്ണില്‍പ്പെട്ടത്. പ്രതീക്ഷിക്കാതെ ലഭിച്ച ആ കുഞ്ഞിന് ശശി കുമാറും അജിതയും ‘അദൃശ്യ’ എന്ന് പേര് നല്കി.
നാല് മക്കളാണ് തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നതെന്ന് ഗര്‍ഭകാല സ്കാനിങ്ങുകളിലും ശസ്ത്രക്രിയയ്ക്കു മുന്പുവരെയും ചേര്‍ത്തല ഉഴുവ പുതിയകാവ് വടാത്തോടത്ത് ശാന്തിനികേതനില്‍ കെ.ജി. ശശികുമാറും അജിതയും അറിഞ്ഞില്ല. അങ്ങനെ ഒറ്റപ്രസവത്തില്‍ ഇവര്‍ക്ക് 4 കുഞ്ഞുങ്ങളെ ലഭിച്ചു, ആര്യ, ഐശ്വര്യ, ആദര്‍ശ്, അദൃശ്യ.
2015 ഡിസംബര്‍ 8ന് രാവിലെ ഏഴിനാണ് ഇവരുടെ ജനനം. ആദ്യ ഭാര്യയുടെ മരണശേഷം 57-ാം വയസ്സിലാണ് ശശികുമാര്‍ കണ്ണൂര്‍ മുണ്ടയാട് അമിത നിവാസില്‍ അജിതയെ വിവാഹം ചെയ്തത്. അജിതയ്ക്ക് അന്ന് 42 വയസ്സ്. 5 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അജിത ഗര്‍ഭിണിയായി.
സ്കാനിങ്ങില്‍ 3 കുഞ്ഞുങ്ങള്‍ ഉണ്ടെന്ന വിവരം ഇരുവരെയും സന്തോഷിപ്പിച്ചു. അജിതയിലുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് 7-ാം മാസത്തില്‍ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നിശ്ചയിച്ചു. 3 കുഞ്ഞുങ്ങളെ വേഗം ഇന്‍ക്യുബേറ്ററിലേക്കു മാറ്റേണ്ടതിനാല്‍ 3 പേര് ശസ്ത്രക്രിയ മുറിയുടെ പുറത്തുണ്ടായിരിക്കണമെന്ന് ഡോക്ടര്‍മാര്‍ ശശികുമാറിനെ അറിയിച്ചിരുന്നു.
അതിനിടെയാണ് നഴ്സ് ഓടിവന്നു പറഞ്ഞത്; 4 പേര് വേണം, കുഞ്ഞുങ്ങള്‍ മൂന്നല്ല, നാലാണ്. 3 ദിവസത്തിനു ശേഷമാണ് അജിത കുഞ്ഞുങ്ങളെ കണ്ടത്. ഉഴുവ പുതിയകാവ് ഗവ. യുപിഎസിലെ ഒന്നാം ക്ലാസിലേക്ക് നാല്‍വര്‍ സംഘം ഒന്നാംതീയതി പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍ ഇപ്പോള്‍.