കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് തണലൊരുക്കി ബസ്സ് ഉടമയും. തന്റെ ബസ്സുകള്‍ രൂപമാറ്റം വരുത്തി ചികിത്സ സൌകര്യങ്ങളേര്‍പ്പെടുത്തി ആശുപത്രിക്ക് വിട്ടുകൊടുത്തിരിക്കുകയാണ് ചെര്‍പ്പുളശ്ശേരി സ്വദേശി രാജു . രോഗികള്‍ക്ക് വേണ്ട അടിയന്തിര പരിചരണമാണ് ഈ ബസ്സുകളില്‍ ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ആശുപത്രിയില്‍ ഓക്സിജന്‍ സൗകര്യമുളള കിടക്കകളുടെ എണ്ണം കുറഞ്ഞുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ബസ്സില്‍ ചികിത്സ സൗകര്യമൊരുക്കിയുള്ള പുതിയ മാതൃക.
ആശുപത്രി വരാന്തയിലുള്‍പ്പെടെ ബഡ് കാത്ത് രോഗികളുടെ ഇരിപ്പ് അവസാനിപ്പിക്കുകയാണ് രാജു ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു ബസ്സില്‍ മൂന്ന് രോഗികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനുളള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ബസ്സുകള്‍ ഈ രീതിയിലേക്ക് രൂപമാറ്റം വരുത്താന്‍ തയ്യാറെന്നും രാജു പറയുന്നു.
ലോക് ഡൗണില്‍ ബസ്സുകള്‍ നിര്‍ത്തിയിടേണ്ട സാഹചര്യം കൂടി വന്നതോടെ തന്റെ ബസ്സുകള്‍ക്ക് പുതിയ ഉപയോഗം കണ്ടെത്തിയിരിക്കുകയാണ് രാജു. സീറ്റുകള്‍ അഴിച്ചുമാറ്റി. ബസ്സിന്റെ ഫുട്ട് ബോഡ് പുതുക്കി. രോഗികള്‍ക്ക് വേണ്ട കട്ടിലും മറ്റ് സൗകര്യങ്ങളും തയ്യാറാക്കി.
അടിയന്തിര ഘട്ടങ്ങളില്‍ വേണ്ട ഓക്സിജന്‍ സിലിണ്ടര്‍ വരെ ഈ ബസ് ആശുപത്രിയിലുണ്ട്. തിരക്കേറിയ ആശുപത്രിയിലേക്കാണ് രൂപാന്തരം വരുത്തിയ ബസ്സ് വിട്ടുനല്‍കുന്നത് ചെര്‍പ്പുളശ്ശേരി പാലക്കാട് റൂട്ടിലോടുന്ന രണ്ട് ബസ്സുകളാണ് ആദ്യഘത്തില്‍ രൂപമാറ്റം വരുത്തിയത്.