എറണാകുളം: ലോക്ക്ഡൗണില്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി സിപിഎം ബ്രാഞ്ചിന്റെ പലചരക്ക് കട. യൂണിവേഴ്സിറ്റി കോളനിയിലെ കുടുംബങ്ങള്‍ക്കാണ് സാധനങ്ങള്‍ സൗജന്യമായി എത്തിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പലചരക്ക് കട ആരംഭിച്ചത്.
കാഷ്യറും പണപ്പെട്ടിയുമില്ല, ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ സൗജന്യമായി എടുക്കാം എന്നതാണ് പലചരക്കു കടയുടെ പ്രത്യേകത. കോളനിയിലെ റേഷന്‍കടക്കവലയില്‍ ഒരുക്കിയ സ്റ്റാളിലാണ് നിത്യോപയോഗ സാധനങ്ങളുടെ കട ഒരുക്കിയത്. ഇവിടെ എത്തുന്നവര്‍ക്ക് കടയില്‍ നിന്ന് ആവശ്യമുള്ള സാധനങ്ങള്‍ എടുക്കാന്‍ സാധിക്കും.
സ്റ്റാളില്‍ അരി, മസാലകള്‍, തേയില, പഞ്ചസാര, ചെറുപയര്‍, കടല, പരിപ്പ്, വെളിച്ചെണ്ണ, പാമോയില്‍, സവാള, ഉരുളക്കിഴങ്ങ്, ആട്ട, മൈദ, സേമിയ, മുട്ട, പാല്, പച്ചക്കറിയിനങ്ങള്‍, ചക്ക, മാങ്ങ, സോപ്പ് തുടങ്ങിയ എല്ലാവിധ അവശ്യ സാധനങ്ങളുമുണ്ട്.
600ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് യൂണിവേഴ്സിറ്റി കോളനി. നഗരസഭയിലെ ജനസാന്ദ്രത കൂടിയ പ്രദേശവുമാണ്. സിപിഎമ്മിന്റെ സൗജന്യ പലചരക്ക് കട ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടുന്ന പല കുടുംബങ്ങള്‍ക്കും വലിയ ആശ്വസമായി മാറിയിരിക്കുകയാണ്.