തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അയല്‍വാസി പെട്രോള്‍ ബോംബെറിഞ്ഞതിനെത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അംഗപരിമിതന് മരിച്ചു. അരുവിയോട് സ്വദേശി വര്‍ഗ്ഗീസാണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. ഇക്കഴിഞ്ഞ 12-ാം തീയതിയായിരുന്നു സംഭവം.
അയല്‍വാസിയായ സെബാസ്റ്റ്യനാണ് തൊട്ടടുത്ത് താമസിക്കുന്ന വര്‍ഗ്ഗീസിന് നേരെ പെട്രോള്‍ ബോംഗ് എറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ വര്‍ഗീസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലായിരുന്ന വര്‍ഗീസിന്റെ നില ഇന്നലെ രാത്രിയോടെ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. വീടിന് മുന്നില്‍ ശവപ്പെട്ടിക്കട നടത്തുകയാണ് വര്‍ഗീസ്. എന്നാല്‍ അയല്‍വാസിയായ സെബാസ്റ്റ്യന്‍ ഇതില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സെബാസ്റ്റ്യന്‍ പലതവണ വര്‍ഗീസിനെ ശവപ്പെട്ടിക്കട നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും, മാരായമുട്ടം പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് മുന്‍വശത്ത് ടാര്‍പ്പൊലിന്‍ മറച്ച് ശവപ്പെട്ടിക്കട നടത്താന്‍ വര്‍ഗീസിന് അനുമതി നല്കി.
എന്നാല്‍ ഇതേച്ചൊല്ലി വീണ്ടും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു. 12-ാം തീയതിയും ഇവര്‍ തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് സെബാസ്റ്റ്യന്‍ വര്‍ഗീസിന് നേരെ പെട്രോളില്‍ മുക്കിയ പന്തം കൊളുത്തി എറിയുകയും, പെട്രോള്‍ നിറച്ച കുപ്പികളെറിയുകയും ചെയ്തെന്നും നാട്ടുകാര്‍ പറയുന്നു.
ശവപ്പെട്ടിക്കടയോടെ കത്തിക്കാന്‍ വേണ്ടിയാണ് സെബാസ്റ്റ്യന്‍ ഈ ആക്രമണം നടത്തിയതെന്ന് വര്‍ഗീസിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. തീ ആളിക്കത്തുന്നത് കണ്ട് വര്‍ഗീസിന്റെ വീട്ടുകാര്‍ നിലവിളിച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തി വര്‍ഗീസിനെ പുറത്തെത്തിച്ചത്.
അംഗപരിമിതനായതിനാല്‍ ഓടി രക്ഷപ്പെടാന്‍ വര്‍ഗീസിനായില്ല. തുടര്‍ന്ന് സെബാസ്റ്റ്യന്‍ ഒളിവില്‍പ്പോയെങ്കിലും, മാരായമുട്ടം പൊലീസ് അന്ന് തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു.