പത്തനംതിട്ട: കേരളത്തിന്റെ പുതിയ ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ് സത്യപ്രതിജ്ഞ ചൊല്ലിയപ്പോള്‍ കണ്ണും മനസ്സും നിറഞ്ഞ് അധ്യാപകര്‍. നഴ്സറി ടീച്ചര്‍ മുതല്‍ കലാ അധ്യാപകര്‍ വരെ സന്തോഷം പങ്കുവച്ചു. പഠിക്കാനും മുന്നേറാനും ഒപ്പമുണ്ടായിരുന്ന ഈ അധ്യാപകര്‍ വീണയ്ക്ക് ഇന്നും കരുത്തായി കൂടെ തന്നെയുണ്ട്.
മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ അധ്യാപികയായിരുന്ന കെ.എ. അന്നമ്മയായിരുന്നു നഴ്സറി സ്കൂളില്‍ എത്തിയ വീണയുടെ ആദ്യ ടീച്ചര്‍. ചെറുപ്പം മുതലേ കലാ രംഗത്ത് സജീവമായിരുന്ന വീണ ജോര്‍ജ് ഹൈസ്കൂളിലെത്തുമ്പോഴേക്കും സംസ്ഥാനതലത്തില്‍ വരെ തിളങ്ങി.
ഗോപി കോട്ടുരേത്തായിരുന്നു വീണക്ക് മോണോ ആക്ടിലും കഥാപ്രസംഗത്തിലും ഗുരു. സത്യപ്രതിജ്ഞ കാണാന്‍ കുടുംബാംഗങ്ങളേക്കാള്‍ ആവേശത്തോടെ കലാധ്യാപകന്റെ ഭാര്യ അമ്മിണി ടീച്ചര്‍ കാത്തിരുന്നു. വെല്ലുവിളിനിറഞ്ഞ പുതിയ ദൗത്യവും മികവോടെ വീണാജോര്‍ജ് നേരിടുമെന്ന വിശ്വാസമാണ് ഈ അധ്യാപകര്‍ക്ക്.
വിജയങ്ങളുണ്ടാകുമ്പോള്‍ വീണ ആദ്യം ഓടിയെത്തുന്നത് ഇവരുടെ പക്കലാണ്. ഇവരുടെ അനുഗ്രഹം വീണയ്ക്ക് എന്നുമുണ്ട്. നാടിന്റെ മികച്ച ഒരു ആരോഗ്യമന്ത്രിയായി വീണ തിളങ്ങുമെന്നതില്‍ ഈ അധ്യപകര്‍ക്ക് യാതൊരു സംശയവുമില്ല.