കോഴിക്കോട്: കേരളക്കരയ്ക്ക് സിസ്റ്റര്‍ ലിനിയെ മറക്കാന്‍ പറ്റില്ല. നിപ്പ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയില്‍ രോഗം പിടിപെട്ട് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ല. ലിനിയുടെ ഓര്‍മ്മ ദിനത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ അനുസ്മരിച്ചു.
സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും ആ മുഖം തീവ്രതയോടെ തന്റെ മനസില്‍ പതിഞ്ഞിട്ടുണ്ടെന്നും ശൈലജ പറഞ്ഞു. രോഗപകര്‍ച്ച കൂടിയ രോഗമായിരുന്നിട്ടും ടിപി രാമകൃഷ്ണന് അടക്കമുള്ള ജനപ്രതിനിധികളുടേയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെ നിപ്പയെ തടയാനായത് വലിയ നേട്ടമാണ്.
കേരളത്തിന്റെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്പില് ഒരുപിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതായും ശൈലജ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുന്‍മന്ത്രിയുടെ പ്രതികരണം.
കെകെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ലിനിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല. ഈ ദിനം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളില്‍ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം. ആദ്യഘട്ടത്തില്‍ വൈറസ് ബാധിച്ച 18 പേരില്‍ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു.
രോഗപ്പകര്‍ച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതല്‍ ആളുകളിലേക്ക് രോഗപ്പകര്‍ച്ച തടയാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലേയും, മുന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം.