അഞ്ചല്‍: ആറടിപ്പൊക്കം, ഇത് മനുഷ്യനല്ല മറിച്ച് വീട്ടുവളപ്പില്‍ വിളഞ്ഞ വാഴക്കുലയുടെ വലുപ്പമാണ്. കൊല്ലം അഞ്ചലിലാണ് കൗതുകമായ ഭീമന് വാഴക്കുലയുള്ളത്. അഞ്ചല്‍ അഗസ്ത്യക്കോട് പ്രണവത്തില്‍ ഭാസിയുടെ പുരയിടത്തിലാണ് ആറടിപ്പൊക്കവും 110 കിലോ തൂക്കവുമുള്ള വാഴക്കുല വിളവെടുത്തത്.
കൊട്ടാരക്കര സദാനന്ദപുരം കാര്ഷികഗവേഷണകേന്ദ്രത്തില്നിന്നു വാങ്ങിയ തൈയിലാണ് ഈ ഭീമന് കുല ലഭിച്ചത്. അതേസമയം, വാഴയുടെ ഇനം വ്യക്തമല്ലെന്നും എന്നാല്‍ പഴത്തിന് വ്യത്യസ്ത രുചിയും ഗന്ധവും മധുരവുമുണ്ടെന്നും ഭാസി പറഞ്ഞു. വാഴയ്ക്കും നല്ല പൊക്കമുണ്ട്. ഭീമന് വാഴക്കുല കാണാന്‍ പരിസര വാസികളും എത്തുന്നുണ്ട്.