തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്തതോല്‍വിക്ക് പിന്നാലെ നേതൃമാറ്റത്തിന് ഒരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വി.ഡി സതീശന് പ്രതിപക്ഷ നേതാവായേക്കും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി.ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. കൂടാതെ കെ സുധാകരന് എംപിയെ കെപിസിസി പ്രസിഡന്റായും പി.ടി.തോമസ് എംഎല്‍എയെ യുഡിഎഫ് കണ്‍വീനറായും തെരഞ്ഞെടുക്കുമെന്നാണു സൂചന. ഇക്കാര്യത്തില്‍ തീരുമാനം ഇന്നോ നാളയോ ഉണ്ടാകും.
ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോര്‍ട്ട് സതീശന് അനുകൂലമായതോടെയാണ് ചെന്നിത്തലയെ മാറ്റാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ 21 എം.എല്‍.എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് നിരീക്ഷകര്‍ കണ്ട് അഭിപ്രായം ചോദിച്ചിരുന്നു. രണ്ട് ഗ്രൂപ്പും ചെന്നിത്തല തുടരട്ടെ എന്ന നിലപാടിലായിരുന്നു. എന്നാല്‍ യുവ എം.എല്‍.എമാരും കെ. സുധാകരനെ പിന്തുണക്കുന്നവരും പ്രതിപക്ഷ നേതാവ് മാറണം എന്ന അഭിപ്രായം ശക്തമായി ഉന്നയിച്ചു. കേരളത്തിലെ എം.പിമാരുടെ ഭൂരിപക്ഷ അഭിപ്രായവും സതീശന് അനുകൂലമായി. കൂടാതെ രാഷ്ട്രീയ കാര്യസമിതി അംഗങ്ങളില്‍ നല്ലൊരു പങ്കും ചെന്നിത്തലയ്ക്ക് എതിരായി. രാഹുല്‍ ഗാന്ധിയുടെ താത്പര്യവും സതീശന്റെ സാധ്യത കൂട്ടി.
കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെയും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എം.എം. ഹസ്സനേയും ഉടന്‍ മാറ്റും. പി.ടി. തോമസ് ഈ സ്ഥാനത്ത് എത്താനാണ് സാധ്യത. നിയമസഭയിലെ പാര്‍ട്ടി വിപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആകാനാണ് സാധ്യത.