തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം വീണ്ടും കുറച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ പന്തലില്‍ 240 കസേര മാത്രമാവും ഉണ്ടാവുക. അധികം ആളെത്തിയാല്‍ മാത്രം കസേരയുടെ എണ്ണം കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സത്യപ്രതിജ്ഞ സ്റ്റേഡിയത്തിലേക്ക് പ്രവേശന അനുമതി ഒമ്പത് ഉന്നത ഉദ്യോസ്ഥര്‍ക്ക് മാത്രമാക്കിയിരുന്നു. ചീഫ് സെക്രട്ടറിയെ കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, ആശ തോമസ്, വി വേണു, ജയതിലക്, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതി ലാല്‍, പി ആര്‍ഡി ഡയറക്ടര്‍ ഹരികിഷോര്‍, ഡിജിപിമാരായ ലോക് നാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, എ ഡിജിപി വിജയ സാക്കറെ എന്നിവര്‍ക്കാണ് പ്രവേശന അനുമതി ഉള്ളത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു നടത്തണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് രണ്ടാം പിണറായി വിജയന് മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുക്കും