കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാര്ദ്ദനന് പങ്കെടുക്കും. നേരത്തെ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ച ജനാര്ദ്ദനന് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പോകാതിരുന്നാല്‍ മുഖ്യമന്ത്രി ചെറുതായി പോകുമെന്ന തോന്നലിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്ന് ജനാര്ദ്ദനന് മാധ്യമങ്ങളോട് പറഞ്ഞു.
‘മുഖ്യമന്ത്രി പ്രത്യേക പരിഗണനയാണ് എനിക്ക് തന്നത്. ജില്ലാകമ്മിറ്റിയില്‍ നിന്ന് വിളിച്ച് പോകാന്‍ തയ്യാറായാല്‍ മാത്രം മതി, അവിടെ എത്തിക്കാന്‍ എല്ലാ സൗകര്യവും ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് വിഷമമുണ്ടെങ്കില്‍ നിര്‍ബന്ധിക്കേണ്ട, കണ്ണൂരില്‍ വരുമ്പോ എന്നെ കാണാന്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് അറിഞ്ഞത്’- ജനാര്ദ്ദനന് പറഞ്ഞു .
‘അത് ഞാന്‍ വല്യ ആളും മുഖ്യമന്ത്രി ചെറുതായിപ്പോകുന്ന അവസ്ഥയുമാകുമോ എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ അങ്ങോട്ടുപോകാന്‍ തീരുമാനിച്ചത്,’ ജനാര്ദ്ദനന് പറഞ്ഞു. കൊറോണക്കാലമായതിനാല്‍ താന്‍ ടി.വിയില്‍ സത്യപ്രതിജ്ഞ കാണുമെന്നായിരുന്നു ജനാര്ദ്ദനന് അറിയിച്ചിരുന്നത്.
ആടിനെ വിറ്റ് കിട്ടിയ പണമായ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സുബൈദയെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. തന്നെ മറക്കാതെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ച മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച സുബൈദ ആടിനെ വളര്‍ത്തി ഉപജീവനം നടത്തുവര്‍ക്കും വിഐപി.സ്ഥാനം നല്കി പരിഗണിക്കാന്‍ പിണറായി വിജയന് മാത്രമെ കഴിയുകയുള്ളു എന്ന് പ്രതികരിച്ചു.