പത്തനംതിട്ട: മന്ത്രി സഭയുടെ ഭാഗമാവുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നത് ഏറ്റവും വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിക്കപ്പെട്ട വീണ ജോര്‍ജ്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുകയെന്നതാണ് തന്റെ കടമയെന്നും വീണ ജോര്‍ജ് പറഞ്ഞു.
അത് കൊണ്ട് തന്നെ ആ ജാഗ്രതയോട് കൂടി ആ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാന്‍ കഠിനമായി പരിശ്രമിക്കുമെന്നതാണ് ഈ അവസരത്തില്‍ പറയാനുള്ളത്. പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം ആറന്മുള മണ്ഡലത്തിനുമുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റും. അതേറ്റവും നന്നായി വെല്ലുവിളികള്‍ ഏറ്റെടുത്ത് ചെയ്യുമെന്നും വീണ ജോര്‍ജ് പറഞ്ഞു. ആരോഗ്യ മന്ത്രി സ്ഥാനത്തില്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും വീണ ജോര്‍ജ് പറഞ്ഞു.
പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് സിപിഐഎമ്മിന്റെ മന്ത്രിസഭാ അംഗങ്ങളുടെ പട്ടിക. മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി. വീണ ജോര്‍ജിനെ ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തു. തോമസ് ഐസകിന് ശേഷം കേരളത്തിന്റെ ധനകാര്യമന്ത്രിയായി കെഎന്‍ ബാലഗോപാലിനെ തെരഞ്ഞെടുത്തു. കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമാണ് കെഎന്‍ ബാലഗോപാല്‍.
വ്യവസായ മന്ത്രിയായി പി രാജീവിനെ തെരഞ്ഞെടുത്തു. എംവി ഗോവിന്ദന് മാസ്റ്ററെ വ്യവസായ വകുപ്പിലേക്ക് പരിഗണിക്കും എന്നായിരുന്നു സൂചന. ഇ പി ജയരാജന് കൈകാര്യ ചെയ്ത വകുപ്പ് പി രാജീവ് കൈകാര്യം ചെയ്യും. ഉന്നത വിദ്യഭ്യാസ മന്ത്രിയായി ആ ബിന്ദുവും തദ്ദേശ വകുപ്പ് മന്ത്രിയായി എംവി ഗോവിന്ദന് മാസ്റ്ററേയും തെരഞ്ഞെടുത്തു.
മുഹമ്മദ് റിയാസ് – ടൂറിസം, വിഎന്‍ വാസവന് – എക്സൈസ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും.എന്‍സിപിയില്‍ നിന്നും ഗതാഗത വകുപ്പ് സിപിഐഎം ഏറ്റെടുത്തു. ഇതോടെ എകെ ശശീന്ദ്രന് മറ്റൊരു വകുപ്പ് നല്‍കും. ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയെ വൈദ്യുതി വകുപ്പ് മന്ത്രിയായി തെരഞ്ഞെടുത്തു.